വാണിമേല്‍ പ്രവാസി ഫോറം അവാര്‍ഡ് ഇ.കെ.ദിനേശന്

0
466

ദുബൈ: വാണിമേലിലെ കലാ-സാംസ്‌കാരിക പ്രവര്‍ത്തകനും വിദ്യാഭ്യാസ വിചക്ഷണനും നാദാപുരം എഇഒയുമായിരുന്ന എന്‍. മൊയ്തുമാസ്റ്ററുടെ സ്മരണക്കായി വാണിമേല്‍ പ്രവാസി ഫോറം നല്‍കി വരുന്ന സാഹിത്യ പുരസ്‌കാരം ഇ.കെ.ദിനേശന്.
സാഹിത്യ സാംസ്‌കാരിക രംഗങ്ങളിലും പഠനഗ്രന്ഥങ്ങളിലുമുള്ള ദിനേശന്റെ പ്രാഗത്ഭ്യം കണക്കിലെടുത്താണ് പുരസ്‌കാരം. വെള്ളിയോടന്‍, ബഷീര്‍ മുളിവയല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഗള്‍ഫ് കുടിയേറ്റത്തിന്റെ സാമൂഹികപാഠങ്ങള്‍, നീല രാഷ്ട്രീയത്തിന്റെ ചുവപ്പ് വായന, ഒരു പ്രവാസിയുടെ ഏകാന്ത ദിനങ്ങള്‍, ജീവിതം- വെയിലും തണലും, കഥാപ്രവാസം, ആടു ജീവിതം- വായന വിചാരണ, ആഗോളവല്‍ക്കരണവും ഡോ.ലോഹ്യയും ഏകലോക ദര്‍ശനവും, പ്രവാസ ജീവിതം എന്നീ പഠനങ്ങളുടേയും മരണത്തിന്റെ മരുന്നു വില്‍പനക്കാരന്‍ എന്ന കഥാസമാഹാരത്തിന്റെയും കര്‍ത്താവാണ് അദ്ദേഹം. ഓര്‍ക്കാട്ടേരി സ്വദേശിയായ ദിനേശന്‍ പന്ത്രണ്ട് വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്യുന്നു.
ഡിസംബര്‍ രണ്ടിനു വൈകുന്നരം അഞ്ചിനു ബര്‍ദ്ദുബൈ മുസല്ല ടവറില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് വാണിമേല്‍ പ്രവാസി ഫോറം പ്രസിഡന്റ് കെ.വി.നൗഷാദ്, സെക്രട്ടറി ടി.ടി.ശരീഫ്, ട്രഷറര്‍ പി.കെ.ജാഫര്‍ തുടങ്ങിയവര്‍ അറിയിച്ചു. പരിപാടിയില്‍ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. തുടര്‍ന്ന് കണ്ണൂര്‍ ശരീഫ് നയിക്കുന്ന ‘ഇശല്‍ സന്ധ്യ’ അരങ്ങേറും.