അന്താരാഷ്ട്ര പ്രതിരോധ എക്‌സിബിഷനു ബഹറിനില്‍ തുടക്കമായി

0
385

മനാമ: ബഹ്‌റൈന്‍ പ്രതിരോധ എക്‌സിബിഷനും സമ്മേളനവും സനാബിസിലെ എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമായി. ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ഡിഫന്‍സ് എക്‌സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സില്‍ (ബിഡെക് 2017) ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിരോധ രംഗത്തെ 3,000ത്തോളം പ്രമുഖര്‍ പങ്കെടുക്കും.
മേഖല നേരിടുന്ന പ്രധാന ഭീഷണികള്‍, അതിനെ നേരിടാനുള്ള വഴികള്‍, ഭീകരതക്കെതിരായ നീക്കങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ അധ്യക്ഷതിയില്‍ നടക്കുന്ന പരിപാടിയില്‍ കര, കടല്‍, വ്യോമ മേഖലയിലെ നവീന പ്രതിരോധ ഉപകരണങ്ങളുടെ പ്രദര്‍ശനമുണ്ടാകും.മാറുന്ന ലോകത്തെ വെല്ലുവിളികള്‍ വിലയിരുത്തുന്ന സുപ്രധാന സമ്മേളനമാണ് നടക്കുതെന്ന് ഓര്‍ഗനൈസിങ് കമ്മിറ്റി മേധാവി ശൈഖ് അബ്ദുല്ല ബിന്‍ അഹ്മദ് ആല്‍ ഖലീഫ പറഞ്ഞു. ഭീഷണികളെ സംയുക്തമായി നേരിടാനുതകുന്ന പുതിയ വാതായനങ്ങള്‍ തുറക്കാന്‍ ചര്‍ച്ചകള്‍ ഉപകരിക്കും.
ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ശൈഖ് ഖാലിദ് ബിന്‍ ഹമൂദ് ആല്‍ ഖലീഫ, റോയല്‍ ഗാര്‍ഡ് ഡപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ഹമദ് അല്‍ നുഐമി എന്നിവരും സന്നിഹിതരായിരുന്നു. ബഹ്‌റൈന്‍ ചര്‍ച്ചകളുടെയും സമാധാനത്തിന്റെയും ഇടമായി നിലനിര്‍ത്താനുള്ള ഭരണാധികാരികളുടെ നയത്തിന്റെ പ്രതിഫലനമെന്ന നിലയ്ക്കാണ് ഇത്തരമൊരു സമ്മേളനം നടക്കുതെന്ന് ‘ബിഡെക്’ ചെയര്‍മാനും റോയല്‍ കമാന്‍ഡറുമായ ബ്രിഗേഡിയര്‍ ശൈഖ് നാസര്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ പ്രസ്താവനയില്‍ പറഞ്ഞു.
സൗഹൃദ രാഷ്ട്രങ്ങളില്‍ നിന്നുള്ള ഉന്നത പ്രതിനിധികള്‍ സമ്മേളനത്തില്‍ എത്തും. ഇതില്‍ രാഷ്ട്രീയ, സൈനിക നേതാക്കളും നയതന്ത്രജ്ഞരുമുണ്ടാകും.