പാലേരി രമേശനെ ബഹറിനില്‍ ആദരിക്കും

0
2171

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം എഴുപതാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ നിന്നുള്ള മലയാളികളെ ആദരിക്കുന്നതിന്റെ ഭാഗമായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സാരഥി പാലേരി രമേശന് അവാര്‍ഡ് നല്‍കും. സഹകരണ രംഗത്ത് മികച്ച നേട്ടങ്ങള്‍ കൊയ്തതിനാണ് ആദരവ്.
ഒക്ടോബര്‍ 20ന് ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കുന്നചടങ്ങില്‍ മന്ത്രി ജി. സുധാകരന്‍ അവാര്‍ഡ് സമ്മാനിക്കും. അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച് ചിത്ര അയ്യരും സംഘവും നയിക്കുന്ന സംഗീത നിശയും ഉണ്ടാകും.
ലേബര്‍ സൊസൈറ്റിക്കു പുറമെ കോഴിക്കോട് യുഎല്‍ സൈബര്‍ പാര്‍ക്ക്, ഐടി, ഹാന്‍ഡി ക്രാഫ്റ്റ്‌സ്, ഓര്‍ഗാനിക് ഫാമിംഗ്, കുറഞ്ഞ ചിലവിലുള്ള വീടുകളുടെ നിര്‍മാണം, കലാഗ്രാമം തുടങ്ങി നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നതടക്കമുള്ള മികച്ച സംരംഭങ്ങളാണ് സഹകരണമേഖലയിലൂടെ ഊരാളുങ്കല്‍ സൊസൈറ്റി നേടിയെടുത്തത്.
സൊസൈറ്റിയുടെ ചെയര്‍മാനായ പാലേരി രമേശന് ഇന്ദിരാഗാന്ധി സദ്ഭാവനാ അവാര്‍ഡ്, ഇന്ത്യയിലെ മികച്ച സഹകരണ സംഘത്തിനുള്ള അവാര്‍ഡ്, നാഷണല്‍ കോഓപ്പറേറ്റീവ് യൂണിയന്‍ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.