മക്കള്‍ക്കായി അമ്മമാരുടെ വക കുട്ടിക്കഥകള്‍

0
497

വടകര: അമ്മമാര്‍ രചിച്ച കുട്ടിക്കഥകളുമായി വടകരയിലെ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയായ സ്‌പെയ്‌സ് രണ്ടാം വര്‍ഷത്തിലേക്ക്. ‘കഥ കഥ കഥ.. കഥാ സദ്യ’ എന്ന പേരിലാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്. കഥകളുടെ ഔപചാരികമായ പ്രകാശനം നാളെ രാവിലെ 11.30 ന് വടകര ടൗണ്‍ ഹാളില്‍ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് നിര്‍വഹിക്കുമെന്നു സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അക്കാദമിക് നിലവാരം മെച്ചപ്പെടുത്താന്‍ നഗരസഭ വിദ്യാഭ്യാസ സമിതിയും ഡയറ്റ് കോഴിക്കോടും ചേര്‍ന്നു തയാറാക്കിയ ഈ പദ്ധതിയിലൂടെ 39 വിദ്യാലയങ്ങളിലെ കുട്ടികളുടെ അമ്മമാര്‍ എഴുതിയുണ്ടാക്കിയ ആയിരത്തി അറുനൂറ്റി എന്‍പത് കഥകളില്‍ നിന്നും തെരഞ്ഞെടുത്തവയാണ് ഒന്ന്, രണ്ട് ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. കൊച്ചു കൊച്ചു വാക്യങ്ങളിലും ലളിതമായ പദങ്ങളും ആകര്‍ഷകമായ ചിത്രങ്ങളും കൂടിച്ചേര്‍ന്ന 50 സ്വതന്ത്ര കഥാ പുസ്തകങ്ങളാണ് കുട്ടികളുടെ വായനാ ലോകത്തെത്തിച്ചേരുന്നത്. ഒരു വര്‍ഷം നീണ്ട ഒരുക്കങ്ങളില്‍ ഭാഷാവിദഗ്ധര്‍, കഥാകാരന്മാര്‍, വിദ്യാഭ്യാസ വിചക്ഷണര്‍, വായനക്കാരായ കുട്ടികള്‍, നിരൂപകര്‍ ഇവരുടെയൊക്കെ ശ്രമഫലമായി ട്രൈ ഔട്ടുകള്‍ നടത്തി ശുദ്ധീകരിച്ച കഥകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി മധുരം മലയാളം, ദേശഭക്തിഗാന ശില്പശാല എന്നിവയടക്കമുള്ള നിരവധി പദ്ധതികളും കഴിഞ്ഞ അധ്യയന വര്‍ഷം നടപ്പാക്കിയതായി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍ പറഞ്ഞു. ഒരു വിദ്യാലയത്തില്‍ അന്‍പത് പുസ്തകങ്ങളാണ് വിതരണം ചെയ്യുക.
വാര്‍ത്താ സമ്മേളനത്തില്‍ വി.ഗോപാലന്‍, രാജന്‍ ചെറുവോട്ട്, ടി.രാധാകഷ്ണന്‍, പി.അശോകന്‍, ടി.കേളു, കെ.പി.ബിന്ദു, കെ.കെ.വനജ എന്നിവര്‍ പങ്കെടുത്തു.