പുസ്തകങ്ങള്‍ ജീവിതം പഠിപ്പിക്കുന്ന സര്‍വകലാശാലകള്‍: വൈശാഖന്‍

0
392

വടകര: മനുഷ്യത്വം അന്യംനിന്നുപോകുന്ന കാലത്ത് ജീവിതം പഠിപ്പിക്കുന്ന സര്‍വകലാശാലകളാണ് പുസ്തകങ്ങളെന്ന് കേരള സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖന്‍. കെ.പി രാമനുണ്ണിയുടെ പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ ആത്മീയതയില്‍ നിന്നും വിട്ടുപോവുകയും മനുഷ്യനെ വിവിധ അടയാളങ്ങളാല്‍ വേര്‍തിരിക്കുകയുമാണ് ചെയ്യുന്നത്. യാതനകള്‍ അനുഭവിച്ച് കടല്‍ കടന്നെത്തുന്ന റോഹിങ്ക്യന്‍ അഭയാര്‍ഥികളെ പട്ടാളത്തെ ഉപയോഗിച്ച് തിരിച്ചോടിക്കുന്നവനെ മനുഷ്യന്‍ എന്നു വിളിക്കാമോ എന്നും അദ്ദേഹം ചോദിച്ചു. പ്രശസ്ത നോവലിസ്റ്റ് കെ.പി.രാമനുണ്ണിയുടെ ചരമവാര്‍ഷികം എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ ഡെത്ത് ആനിവേഴ്‌സറിയുടെ പ്രകാശനവും അദ്ദേഹത്തിന്റെതന്നെ പുതിയ നോവലായ ദൈവത്തിന്റെ പുസ്തകത്തിന്റെ നാലാംപതിപ്പിന്റെ പ്രകാശനവും വൈശാഖന്‍ നിര്‍വഹിച്ചു. കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. ഒാക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച ഡെത്ത് ആനിവേഴ്‌സറിയുടെ പരിഭാഷ നിര്‍വഹിച്ചത് ഡോ: യാസിന്‍ അഷ്‌റഫാണ്. ചടങ്ങില്‍ നഗരസഭാചെയര്‍മാന്‍ കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. സജയ് കെ.വി, മിനി കൃഷ്ണന്‍, രവി ഡിസി, പ്രൊഫ. കടത്തനാട്ട് നാരായണന്‍, പ്രൊഫ. കെ.വീരാന്‍കുട്ടി, ഡോ: യാസിന്‍ അഷ്‌റഫ്, വി.സി.ശ്രീജന്‍, കെ.ടി.ദിനേശ്, പി.ബാലന്‍, പി.ഹരീന്ദ്രനാഥ്, എം.നാരായണന്‍, പി.കെ.ജിതേഷ്, കെ.പി.രാമനുണ്ണി എന്നിവര്‍ പങ്കെടുത്തു.