കേരളത്തിലും ഇന്ത്യന്‍ പോസ്റ്റല്‍ ബാങ്ക്‌

0
287

കോഴിക്കോട്: ഇന്ത്യന്‍ പോസ്റ്റല്‍ പേമെന്റ് ബാങ്ക് കേരളത്തിലേക്കും വരുന്നു. രണ്ടു ഘട്ടങ്ങളിലായി 16 ബ്രാഞ്ചുകളാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, ഇടപ്പള്ളി, പെരിന്തല്‍മണ്ണ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ബ്രാഞ്ചുകള്‍ സ്ഥാപിക്കും.
രണ്ടാം ഘട്ടത്തില്‍ കൊല്ലം, റാന്നി, ആലപ്പുഴ, കട്ടപ്പന, മാഹി, മാനന്തവാടി, ഉപ്പള, കവരത്തി എന്നിവിടങ്ങളിലാണ് പോസ്റ്റല്‍ പേമെന്റ് ബ്രാഞ്ചുകള്‍ തുടങ്ങുക. മറ്റു പോസ്റ്റ് ഓഫീസുകളിലേക്കും പേമെന്റ് ബാങ്ക് വ്യാപിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഇതിനായുള്ള ആദ്യഘട്ട ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. അക്കൗണ്ട് തുടങ്ങാനായി നിശ്ചിത ബ്രാഞ്ചുകളില്‍ പോകണം. എന്നാല്‍, ഏത് പോസ്റ്റ് ഓഫീസിലും പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കും.
ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കും. എടിഎം, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും. പക്ഷേ, വായ്പയോ ക്രെഡിറ്റ് കാര്‍ഡോ ഇല്ല. സര്‍വീസ് ചാര്‍ജ് കുറവായിരിക്കുമെന്നതും മിനിമം ബാലന്‍സ് വേണ്ട എന്നതുമാണ് പ്രധാന പ്രത്യേകതകള്‍.
25,000 രൂപ വരെ നാലര ശതമാനം. 25,000 മുതല്‍ 50,000 രൂപ വരെ അഞ്ച് ശതമാനം, 50,000 മുതല്‍ 10,0000 രൂപ വരെ അഞ്ചര ശതമാനം എന്നിങ്ങനെയാണ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ. പത്ത് വയസ് കഴിഞ്ഞവര്‍ക്ക് കെവൈസി രേഖകള്‍ നല്കി അക്കൗണ്ട് തുടങ്ങാം. ഒരു ലക്ഷം രൂപവരെ നിക്ഷേപിക്കാവുന്ന റെഗുലര്‍ സേവിംഗ്‌സ് അക്കൗണ്ട് ‘സഫല്‍’, ബേസിക് സേവിംഗ്‌സ് ഡെപ്പോസിറ്റ് അക്കൗണ്ട് ‘സുഖം’, 50,000 രൂപവരെ നിക്ഷേപിക്കാവുന്ന ബേസിക് സേവിംഗ്‌സ് ഡെപ്പോസിറ്റ് സ്‌മോള്‍ അക്കൗണ്ട് ‘സരള്‍’ എന്നിങ്ങനെ മൂന്നു തരം അക്കൗണ്ടുകളാണുള്ളത്.
ഡോര്‍സ്‌റ്റെപ്പ് ബാങ്കിംഗ് ആണ് പോസ്റ്റല്‍ പേമെന്റ് ബാങ്കിന്റെ മറ്റൊരു പ്രത്യേകത. ഇതിനായി ബാങ്കില്‍നിന്ന് ഉദ്യോഗസ്ഥന്‍ വീട്ടിലെത്തും.