വരവായി ഓണപ്പൊട്ടന്‍

  0
  711

  വടകര: ചായം പൂശിയ മുഖം, തലയില്‍ കിരീടം, നീളമുള്ള താടി, വെള്ളയും ചുവപ്പും കലര്‍ന്ന വസ്ത്രങ്ങള്‍, അരയില്‍ പട്ട, തോളത്ത് സഞ്ചി ഇങ്ങനെയുള്ള വേഷവുമായി ഇടതു കൈയില്‍ ഓലക്കുട പിടിച്ച് വലതു കൈയിലെ മണി കിലുക്കി ഓണപ്പൊട്ടന്‍ വരവായി.
  ഓണക്കാലത്ത് മലബാറില്‍ പ്രത്യേകിച്ച് കടത്തനാട്ടിലും പരിസരത്തും കാണുന്ന രൂപമാണിത്. മഹാബലിയുടെ പ്രതിപുരുഷനായ ഓണപ്പൊട്ടന്‍ വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാനുള്ള ഒരുക്കത്തിലാണ്. ഉത്രാടം, തിരുവോണം നാളുകളില്‍ വീടുകളിലെത്തി അനുഗ്രഹം ചൊരിയുന്നതിനു മലയ സമുദായത്തില്‍പെട്ടവരാണ് ഈ വേഷം കെട്ടുന്നത്. ഇതിനായി പത്ത് ദിവസത്തെ വ്രതത്തിലാണ് ഇവര്‍.
  വേഷം കെട്ടുന്നതിന്റെ തലേന്ന് ഒരു നേരത്തെ അരി ഭക്ഷണത്തിനു ശേഷം അര്‍ധ രാത്രി പിന്നിടുന്നതോടെ മുഖത്തേപ്പ് തുടങ്ങും. ചായില്യ കൂട്ടാണ് ഇതിന് ഉപയോഗിക്കുന്നത്. വിളക്കിന്‍ തിരിയുടെ പുക കൊണ്ടുള്ള കണ്‍മഷിയും നിറച്ചാര്‍ത്തിനെടുക്കുന്നു. ബ്രഷിന്റെ സ്ഥാനത്ത് ഈര്‍ക്കിള്‍ കൊണ്ടാണ് മുഖത്ത് ചായം പൂശുക. കഥകളി കലാകാരന്മാരെ പോലെ കടക്കെണ്ണ് വരയുക ഓണപ്പൊട്ടനു പ്രധാനമാണ്. നെറ്റിയില്‍ ഗോപിയും തൊടും.
  വേഷം അണിഞ്ഞ് കിരീടം ചൂടിയാല്‍ പിന്നെ സംസാരിക്കാന്‍ പാടില്ലെന്നാണ് പ്രമാണം. അതുകൊണ്ടാണ് ഓണപ്പൊട്ടന്‍ എന്ന പേര് കിട്ടിയത്. മഹാബലിയെ വാമനന്‍ പാതാളത്തില്‍ താഴ്ത്തുമ്പോള്‍ വര്‍ഷത്തിലൊരിക്കല്‍ പ്രജകളെ കാണാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പ്രജകളോട് സംസാരിക്കാന്‍ പാടില്ലെന്നായിരുന്നു നിബന്ധന.
  പണ്ട് പ്രമാണിമാരുടെ വീടുകളില്‍ ആദ്യം പോകേണ്ടിയിരുന്നു. കീഴ് ജാതിക്കാരാണെങ്കിലും മലയ സമുദായക്കാര്‍ ഓണപ്പൊട്ടന്‍ വേഷം കെട്ടിയാല്‍ അയിത്തം കല്‍പിക്കാറില്ല. ദൈവത്തിന്റെ പ്രതിപുരുഷനായി കാണുകയും അനുഗ്രഹം സ്വീകരിക്കുകയും ചെയ്യും. ഇന്നു പ്രമാണിയെന്നോ പിന്നോക്കക്കാരനെന്നോ ഉള്ള പരിഗണന കൂടാതെയാണ് ഓണപ്പൊട്ടന്റെ യാത്ര. പുലര്‍ച്ചെ അഞ്ചു മണിയോടെ പ്രജകളെ കാണാന്‍ ഇറങ്ങുന്ന ഓണപ്പൊട്ടന്‍ നടക്കുക അപൂര്‍വമാണ്. വൈകുന്നേരത്തിനു മുമ്പ് പ്രജകളെ കണ്ടുതീര്‍ക്കേണ്ടതിനാല്‍ മണി കിലുക്കി ഓടുകയാണ് ചെയ്യുക. ഓരോ വീടുകളിലും ചെന്നു കുടുംബങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുന്നു. വീട്ടുകാര്‍ ദക്ഷിണയായി നല്‍കുന്ന അരിയും പണവും സ്വീകരിച്ച് അടുത്ത വീടുകളിലേക്കു പോകുന്നു. പൂക്കളം ഒരുക്കിയും നിലവിളക്ക് കത്തിച്ചുമാണ് വീട്ടുകാര്‍ ഓണപ്പൊട്ടനെ വരവേല്‍ക്കുക.
  പ്രത്യേക താളത്തിലുള്ള മണികിലുക്കം ദൂരെ നിന്നു കേള്‍ക്കുമ്പോള്‍ അറിയാം ഓണപ്പൊട്ടന്‍ വരുന്നുണ്ടെന്ന്. കുട്ടികള്‍ കൗതുകത്തോടെ പിന്നാലെ കൂടുന്നു. അനുഗ്രഹം സ്വീകരിക്കുന്ന മുതിര്‍ന്നവര്‍ക്ക് ഓണപ്പൊട്ടന്‍ വേഷം കെട്ടിയതാരെന്നറിയാനാണ് കൗതുകം. ഉത്രാടം, തിരുവോണം നാളുകളിലെ ഓണപ്പൊട്ടന്റെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണ് ഇന്നാട്ടുകാര്‍.