എന്നും പൂക്കളമൊരുക്കുന്ന വീട്

    0
    580

    പുറമേരി: ഓണക്കാലത്തിന് കാത്തുനില്‍ക്കാതെ എന്നും പൂക്കളമൊരുക്കുന്ന ഒരു വീടുണ്ട്. അതാണ്, കടത്തനാട്ട് രാജവംശത്തില്‍പ്പെട്ട പുറമേരിയിലെ പൊറളാതിരി ആയഞ്ചരേി കോവിലകം. ഉദയവര്‍മ ഇളയരാജയുടെ കാലത്ത് തുടങ്ങിയതാണ് ഈ പൂക്കളം തീര്‍ക്കല്‍. കാലഭേദങ്ങളില്ലാതെ എട്ട് പതിറ്റാണ്ടായി ജീവിതചര്യയുടെ ഭാഗമായി മാറിയ പൂക്കളമൊരുക്കല്‍ കാലത്തിന്റെ മാറ്റത്തില്‍ കൈമോശംവരാതെ കാത്തുസൂക്ഷിക്കുകയാണിവിടെ.
    കെ.സി. ഉദയവര്‍മ രാജയും ഭാര്യ വത്സല തമ്പുരാട്ടിയുമാണ് തലമുറകളായി കൈമാറിവന്ന ആചാരം നിലനിര്‍ത്തിപ്പോരുന്നത്. എന്നും രാവിലെ ആറുമണിയോടെ പൂക്കളം തീര്‍ത്തതിന് ശേഷമാണ് ഇവിടെ മറ്റ് ദിനചര്യകള്‍ ആരംഭിക്കുന്നത്. ചിലപ്പോള്‍ പത്തിനം പൂക്കള്‍ വരെ ഉമ്മറത്ത് സ്ഥാനം പിടിക്കും. പുറമേരി കടത്തനാട് രാജാസ് ഹൈസ്‌കൂളിലെ റിട്ട. പ്രധാനാധ്യാപകനാണ് ഉദയവര്‍മ രാജ. ഭാര്യ വത്സല തമ്പുരാട്ടിയും ഇതേ വിദ്യാലയത്തിലെ അധ്യാപികയായിരുന്നു. ഉദയവര്‍മ രാജയുടെ മാതാവ് കാസര്‍കോട് നീലേശ്വരം കിണാവൂര്‍ കോവിലകത്തെ കെ.സി. ഉമാമഹേശ്വരി തമ്പുരാട്ടി പുറമേരി കോവിലകത്തെത്തിയതോടെയാണ് പൂക്കളം തീര്‍ക്കുന്നത് പതിവായത്. രാജവാഴ്ചയും കോവിലകങ്ങളും വിസ്മൃതിയുടെ ഭാഗമായെങ്കിലും ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുകയാണ് ഈ കുടുംബം. ഏതെങ്കിലും ഒരുദിവസം പൂക്കളമൊരുക്കാന്‍ കഴിയാതെപോയാല്‍ വലിയ മനപ്രയാസമാണെന്നും എല്ലാ പൂക്കളും വീട്ടുപറമ്പില്‍ നിന്നുള്ളവയാണെന്നും ഉദയവര്‍മ രാജ പറഞ്ഞു.