200 രൂപ നോട്ട് പുറത്തിറങ്ങി; ഉടന്‍ എടിഎമ്മില്‍ എത്തില്ല

0
297

ന്യൂഡല്‍ഹി: പുതിയ 200 രൂപ നോട്ട് ആര്‍ബിഐ പുറത്തിറക്കി. നോട്ട് വെള്ളിയാഴ്ച പുറത്തിറക്കുമെന്ന് ആര്‍ബിഐ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ ഉടന്‍ തന്നെ പുതിയ നോട്ടുകള്‍ എടിഎമ്മുകളിലെത്തില്ല. പുതിയ നോട്ടുകള്‍ നിറക്കുന്നതിനായി മെഷീനുകളില്‍ മാറ്റം വരുത്തണം. ഇതിന് ശേഷം മാത്രമേ എടിഎമ്മുകളില്‍ പുതിയ 200 രൂപ നോട്ടുകള്‍ ലഭ്യമാവുകയുള്ളു. തെരഞ്ഞെടുത്ത ബാങ്കുകളിലൂടെയും റിസര്‍വ് ബാങ്ക് ശാഖയിലൂടെയുമാണ് പുതിയ നോട്ട് ലഭ്യമാകുക
കടും മഞ്ഞ നിറത്തിലുള്ള നോട്ടിന്റെ ഒരു ഭാഗത്ത് നടുവില്‍ മഹാത്മ ഗാന്ധിയുടെ പടവും തൊട്ടടുത്ത് 200 എന്നും അച്ചടിച്ചിട്ടുണ്ട്. മറുഭാഗത്ത് സ്വച്ഛ് ഭാരത് മുദ്രാവാക്യവും ചിഹ്നവും സാഞ്ചി സ്തൂപവുമാണ്.
നോട്ട് തിരിക്കുമ്പോള്‍ നീലയും പച്ചയും നിറം മാറിവരുന്ന സെക്യൂരിറ്റി ത്രെഡുണ്ട്. അന്ധര്‍ക്ക് തിരിച്ചറിയാന്‍ പ്രത്യേക അടയാളവും അശോകചക്രത്തിന്റെ എംബ്ലവുമുണ്ട്. ദേവനാഗരി ലിപിയിലും 200 എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലാണ് ഒപ്പിട്ടത്.