100 രൂപ അച്ചടി നിര്‍ത്തി; 200 രൂപ നോട്ട് ഉടന്‍ പുറത്തിറക്കും

0
555

മുംബൈ: പുതിയ 200 രൂപ നോട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉടന്‍ പുറത്തിറക്കും. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 200 രൂപയുടെ മൂല്യമുള്ള അമ്പതുകോടിയോളം നോട്ടുകളാണ് പുറത്തിറക്കുക. അതേസമയം, 100 രൂപ നോട്ട് ഇനി ഉടന്‍ അച്ചടിക്കേണ്ടെന്നാണ് ആര്‍ബിഐ തീരുമാനം.
രണ്ടാഴ്ചയായി പുതിയ 100 രൂപ നോട്ടുകള്‍ ഒരു ബാങ്കിന്റെയും ചെസ്റ്റ് ബ്രാഞ്ചില്‍ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കറന്‍സിനോട്ടുകള്‍ സ്വീകരിക്കുന്ന ബ്രാഞ്ച്) എത്തിച്ചിട്ടില്ല. വിപണിയിലുള്ള നോട്ടുകൊണ്ടാണ് ബാങ്കുകളുടെയും ഇടപാട്.
ചെറിയ കച്ചവടത്തിനു ചില്ലറയില്ലാത്തത് ഉപയോക്താക്കളെയും വ്യാപാരികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നു. നൂറോ നൂറ്റമ്പതോ രൂപയ്ക്കു സാധനങ്ങള്‍ വാങ്ങിയിട്ട് രണ്ടായിരത്തിന്റെ നോട്ട് നല്‍കുമ്പോള്‍ ബാക്കി കൊടുക്കാന്‍ ചില്ലറയില്ല. ചില്ലറനോട്ടുകള്‍ക്കായി വ്യാപാരികള്‍ നെട്ടോട്ടമോടുകയാണ്.
എടിഎം കൗണ്ടറുകളില്‍ നൂറു രൂപ ഇല്ലാത്തതിനാല്‍ കുറഞ്ഞത് 500 രൂപ പിന്‍വലിക്കണം. അഞ്ഞൂറു രൂപയില്ലാത്ത എടിഎമ്മില്‍നിന്ന് 2000 രൂപ പിന്‍വലിക്കേണ്ടിവരും.
500,1000 രൂപയുടെ നോട്ടുകള്‍ റദ്ദാക്കിയതിനുശേഷം പുതിയ നോട്ടുകള്‍ പുറത്തിറക്കിയെങ്കിലും ചില്ലറക്ഷാമം രൂക്ഷമായത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതു പരിഹരിക്കാനാണ് പുതിയ 200 രൂപ നോട്ട് ഇറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. 200 രൂപയുടെ നോട്ട് പുറത്തിറങ്ങിയാല്‍ ഇടപാടുകള്‍ കൂടുതല്‍ സുഗമമായി നടക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.