50 രൂപ കറന്‍സി പുതിയത് വരും

0
374

മുംബൈ: രാജ്യത്ത് വിനിമയത്തിലുള്ള കറന്‍സികളുടെ ഗണത്തിലേക്ക് 50 രൂപയുടെ പുതിയ നോട്ടുള്‍ വരുമെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചു. പുതിയ 50 രൂപാ നോട്ടുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുതുടങ്ങിയതോടെയാണ് പുതിയ നോട്ട് ഉടന്‍ എത്തുമെന്ന സ്ഥിരീകരണവുമായി ആര്‍ബിഐ വാര്‍ത്താക്കുറിപ്പിറക്കിയത്.
പുതിയ ഡിസൈനിലും സീരിയല്‍ നമ്പറിലും അച്ചടിച്ചിരിക്കുന്ന 50 രൂപ കറന്‍സിയുടെ ചിത്രവും ആര്‍ബിഐ പുറത്തുവിട്ടു. നോട്ടുകള്‍ എന്നു പ്രിന്റ് ചെയ്തുവെന്നോ എന്നു പ്രചാരത്തില്‍ കൊണ്ടുവരുമെന്നോ ആര്‍ബിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2016 നവംബറിലെ നോട്ട് നിരോധനം പോലെ ഇതും പെട്ടെന്നുള്ള പ്രഖ്യാപനമായിരിക്കുമെന്നാണ് സൂചന.
ഇപ്പോള്‍ പ്രചാരത്തിലുള്ള പുതിയ 500, 2000 രൂപാ കറന്‍സികളുടെ ഡിസൈനാണ് പുതിയ 50 രൂപയ്ക്കുമുള്ളത്. മഹാത്മാഗാന്ധി സീരീസിലുള്ള ഈ കറന്‍സിയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. ഊര്‍ജിത് പട്ടേലിന്റെ ഒപ്പുമുണ്ട്.
50 രൂപയുടെ പുതിയ കറന്‍സികള്‍ പുറത്തിറക്കുമെന്ന് കഴിഞ്ഞ വര്‍ഷം പട്ടേല്‍ പ്രഖ്യാപിച്ചിരുന്നു. നമ്പര്‍ പാനലുകളില്‍ ഇന്‍സെറ്റ് ലെറ്റര്‍ ഉള്‍പ്പെടുത്താതെ പുറത്തിറക്കുന്ന കറന്‍സിയില്‍ പട്ടേലിന്റെ ഒപ്പും പ്രിന്റിംഗ് വര്‍ഷം 2016 എന്നും രേഖപ്പെടുത്തുമെന്ന് അദ്ദേഹം അന്ന് സൂചിപ്പിച്ചിരുന്നു.
500 രൂപയുടെ പുതിയ നോട്ടുകള്‍ ജൂണിലും 20ന്റെ നോട്ടുകള്‍ ജൂലൈയിലും റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. ഇതുകൂടാതെ 2000 രൂപാ കറന്‍സികളുടെ അച്ചടി നിര്‍ത്തിവച്ച് പകരം 500 രൂപയുടെ കൂടുതല്‍ കറന്‍സികള്‍ പുറത്തിറക്കുകയാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക് ചെയ്യുന്നത്. 200 രൂപയുടെ നോട്ടുകള്‍ വൈകാതെ പുറത്തിറക്കുമെന്ന പ്രഖ്യാപനവുമുണ്ട്. 2000 രൂപയുടെ പ്രചാരം തുടരും.