ലോകനാര്‍കാവ്, പയംകുറ്റിമല ടൂറിസം പദ്ധതികള്‍ നിയമസഭയില്‍

0
1707

വടകര : ലോകനാര്‍കാവ് ക്ഷേത്രവും പയംകുറ്റിമലയും സര്‍ക്കാറിന്റെ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രിയായിരുന്ന കാലത്ത് ഈ രണ്ട് പദ്ധതികള്‍ക്ക് 20 ലക്ഷം രൂപ അനുവദിച്ചെങ്കിലും പിന്നീട് കാര്യമായി ഫണ്ട് അനുവദിക്കുകയുണ്ടായില്ല. പയംകുറ്റിമലയില്‍ വാനനിരീക്ഷണ ടവര്‍, സ്റ്റേജ് എന്നിവ ഈ തുക ഉപയോഗിച്ച് നിര്‍മിച്ചിരുന്നു. ലോകനാര്‍കാവിലെ ഒരു കെട്ടിടത്തിന്റെ നിര്‍മാണം പാതി വഴിയില്‍ നിര്‍ത്തിയ നിലയിലാണ്. രണ്ട് പദ്ധതികളുമായി ബന്ധപ്പെട്ട പ്രൊജക്റ്റ് സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്.
ഏറെ ടൂറിസം സാധ്യതയുള്ള വടക്കന്‍ കേരളം ഈ രംഗത്ത് കാലാകാലങ്ങളായി അവഗണിക്കപ്പെടുകായണെന്നും പാറക്കല്‍ അബ്ദുള്ള സബ്മിഷനില്‍ ചൂണ്ടിക്കാട്ടി. ഗതാഗതമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വേണ്ട വിധത്തില്‍ വികസിപ്പിക്കാത്തതാണ് ടൂറിസം രംഗത്തെ പിന്നോക്കാവസ്ഥക്ക് കാരണം.
എന്നാല്‍ രാജ്യാന്തര യാത്രാ പ്രസിദ്ധീകരണമായ ലോണ്‍ലി പ്ലാനറ്റിന്റെ വാര്‍ഷിക പട്ടികയില്‍ ഇടംപിടിച്ചതോടെ മലബാര്‍ പ്രദേശം ഉള്‍പ്പെടുന്ന ഉത്തരകേരളത്തിന് രാജ്യാന്തര പ്രശസ്തി കൈവന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ 600 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വന്നിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങളില്‍ പയംകുറ്റിമല, ലോകനാര്‍കാവ് ക്ഷേത്രം പദ്ധതികള്‍ ഉള്‍പ്പെടുത്തണമന്നും പാറക്കല്‍ അബ്ദുല്ല ആവശ്യപ്പെട്ടു.
മലബാറിന്റെ ടൂറിസത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയാണെന്നും മലബാറില്‍ ടൂറിസം വികനസത്തിന് കൂടുതല്‍ പണം ഉപയോഗിക്കുമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മറുപടിയായി പറഞ്ഞു. ലോകനാര്‍കാവ്, പയംകുറ്റി മല കേന്ദ്രമാക്കി ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാ്ക്കി.