നാടു പനിച്ചു വിറക്കുമ്പോഴും റഫറല്‍ ഒപി അടഞ്ഞുതന്നെ

0
533
തിരുവള്ളൂരിലെ റഫറല്‍ ഒപി തുറന്ന് പ്രവര്‍ത്തിപ്പിക്കണം എന്നാവശ്യപ്പെട്ട് എസ്എന്‍ഡിപി ശാഖാ ഭാരവാഹികള്‍ നിവേദനം നല്‍കിയപ്പോള്‍

വടകര: നാടു മുഴുവന്‍ പനിച്ചു വിറക്കുമ്പോള്‍ തിരുവള്ളൂര്‍ അങ്ങാടിക്ക് സമീപത്തെ റഫറല്‍ ഒപി തുറന്നു പ്രവര്‍ത്തിപ്പിക്കാത്തതില്‍ പ്രതിഷേധം. അങ്ങാടിയില്‍ നിന്നു മാറി കാഞ്ഞിരാട്ടുതറ കുന്നിന്‍ മുകളിലാണു സാമൂഹികാരോഗ്യ കേന്ദ്രം. അങ്ങാടിയില്‍ നിന്ന് ഇവിടെ എത്താന്‍ 30 രൂപയാണ് ഓട്ടോറിക്ഷ ചാര്‍ജ്. എന്നാല്‍ 20 രൂപക്കു വടകര പോയി വരാം. ഈ സാഹചര്യത്തിലാണു സര്‍ക്കാരില്‍ നിന്നു പ്രത്യേക അനുമതി വാങ്ങി വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവള്ളൂര്‍ ജംഗ്ഷനില്‍ റഫറല്‍ ഒപി ആരംഭിച്ചത്. സിഎച്ച്‌സിയിലേതിനേക്കാള്‍ മൂന്ന് ഇരട്ടിയായിരുന്നു റഫറല്‍ ഒപിയിലെത്തുന്ന രോഗികളുടെ എണ്ണം. എന്നാല്‍ മാസങ്ങളായി ഒപി അടഞ്ഞു കിടക്കുകയാണ്.
വെള്ളൂക്കര, ചാനിയംകടവ്, തുരുത്തി, ചെരണ്ടത്തൂര്‍, തോടന്നൂര്‍, കീഴല്‍, കണ്ണമ്പത്ത്കര പ്രദേശങ്ങളിലുള്ളവര്‍ക്കെല്ലാം പ്രയോജനപ്രദമാവുന്ന ഒപി തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് ആവശ്യം. ഒരു ഡോക്ടറെക്കൂടി നിയമിച്ചെങ്കിലേ ഇത് സാധ്യമാവൂ എന്നാണ് മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. എച്ച്എംസി ഫണ്ട് ഉപയോഗിച്ചു ദിവസ വേതനത്തിന് ഒരു ഡോക്ടറെ നിയമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
റഫറല്‍ ഒപി തുറന്നു പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എന്‍ഡിപി തിരുവള്ളൂര്‍ ശാഖ മെഡിക്കല്‍ ഓഫീസര്‍ക്കു നിവേദനം നല്‍കി. ശാഖാ പ്രസിഡന്റ് കൂമുള്ളി കൃഷ്ണന്‍, മേഖല ചെയര്‍മാന്‍ വടയക്കണ്ടി നാരായണന്‍, കെ.വി.സുധീഷ്, ടി. കുഞ്ഞിക്കണ്ണന്‍, കെ.കെ.മോഹനന്‍ എന്നിവര്‍ ചേര്‍ന്നാണ് നിവേദനം നല്‍കിയത്.