മത്സ്യകൃഷിയില്‍ പുരസ്‌കാര തിളക്കവുമായി അഹമ്മദ് ഹാജി

  0
  660

   

  പി.പി.ദിനേശന്‍
  കുറ്റ്യാടി :ഫിഷറീസ് വകുപ്പിന്റെ ഉള്‍നാടന്‍ ശുദ്ധജല മത്സ്യകൃഷിയില്‍ ജില്ലയിലെ മികച്ച കര്‍ഷകനായി തെരെഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ് കായക്കൊടി ദേവര്‍കോവിലിലെ കുനിയില്‍ ടി ഇബ്രാഹിം അഹമ്മദ് ഹാജിയെന്ന 57 കാരനും കുടുംബവും. ഇടത്തരം കര്‍ഷക കുടുംബത്തില്‍ വളര്‍ന്ന ഇദ്ദേഹം 33 വര്‍ഷത്തെ പ്രവാസ ജീവിതം കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് മത്സ്യകൃഷിയിലേക്കു തിരിഞ്ഞത്.
  കടുംബസ്വത്തായി കിട്ടിയ സ്ഥലത്തു മണ്ണെടുത്ത 30 സെന്റ് കുളത്തില്‍ മത്സ്യകൃഷി ആരംഭിക്കുകയായിരുന്നു. ഫിഷറീസ് വകുപ്പില്‍ നിന്നു ലഭിച്ച കട്‌ല, മൃഗയ, രാഹു എന്നീ മത്സ്യകുഞ്ഞുങ്ങളെ വളര്‍ത്തി ഇക്കഴിഞ്ഞ ജനുവരിയില്‍ സമ്യദ്ധമായ വിളവെടുപ്പു തന്നെ നടത്തി. ആദായകരമായ കൃഷിയായാണ് ഇദ്ദേഹം ഇതിനെ കാണുന്നത്. ഇതിന്റെ ഫലമായി മികച്ച കര്‍ഷകനുള്ള അംഗീകാരവും തേടിയെത്തിയിരിക്കുന്നു.
  രണ്ടാം ഘട്ടത്തില്‍ 1000 മത്സ്യകുഞ്ഞുങ്ങളെയാണ് വളര്‍ത്തുന്നത്.
  നല്ല മത്സ്യ സമൃദ്ധി കിട്ടുന്നുണ്ടെങ്കിലും കുളം സംരക്ഷിക്കാന്‍ ഏറെ സാമ്പത്തിക ബുഡിമുട്ട് ഇദ്ദേഹം നേരിടുന്നുണ്ട്. കുളത്തിന്റെ പാര്‍ശ്വഭാഗങ്ങള്‍ കെട്ടി സംരക്ഷിക്കേണ്ടതുണ്ട്. എന്തായാലും ഇനിയുള്ള കാലം മത്സ്യക്യഷിയില്‍ പൂര്‍ണമായും മുഴുകാന്‍ തന്നെയാണ് ഈ കര്‍ഷകന്റെ ആഗ്രഹം.
  ദേവര്‍കോവിലിലെ ജല്‍കി റാണി എന്നാണ് ഇദ്ദേഹത്തിന്റെ മത്സ്യവളര്‍ത്തു കേന്ദ്രത്തിന്റെ പേര്. ജല്‍കി റാണി നാട്ടില്‍ ഇന്ന് ഏറെ പ്രശസ്തമാണ്. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് കോ-ഓഡിനേറ്റര്‍ കാവ്യയുടെയും പ്രോത്സാഹനത്തോടൊപ്പം അധ്യാപികയും കായക്കൊടി പഞ്ചായത്ത് അംഗവുമായ ഭാര്യ ടി.ടി.ഹലീമയും മത്സ്യകൃഷിയില്‍ സഹായിക്കുന്നു. ഫോണ്‍: 9846335101