ചാടിക്കുളിക്കാന്‍ തിരിക്കയം വെള്ളച്ചാട്ടം

0
1533

 
വാണിമേല്‍ പഞ്ചായത്തിലെ തിരിക്കയം വെള്ളച്ചാട്ടം വേറിട്ട അനുഭവമാണ് പകര്‍ന്നു നല്‍കുന്നത്. അതുകൊണ്ടുതന്നെ ഈയൊരു സുഖം തേടി സന്ദര്‍ശക തിരക്കാണ് ഇവിടേക്ക്.
മഴക്കാലത്ത് കൂടുതല്‍ സുന്ദരിയാണ് തിരിക്കയം. ഒഴുകിയെത്തുന്ന വെള്ളം താഴ്ചയിലുള്ള പാറകളില്‍ പതിച്ച ശേഷം പതഞ്ഞ് ഒഴുകിയെത്തുന്നത് മനോഹര കാഴ്ചയാണ്.
വിലങ്ങാട് വനത്തിലുടെ ഒഴുകി വരുന്ന വെള്ളത്തിന് ഔഷധഗുണമുണ്ടെന്നാണ് പറയപ്പെടുന്നത്. തോട്ടിലൂടെ കുത്തിയൊലിക്കുന്ന വെള്ളം രണ്ടു കലുങ്കുകള്‍ക്കടിയിലൂടെ 70 അടിയോളം താഴേക്ക് പതിക്കുന്നു. കൂറ്റന്‍ പാറയില്‍ പതിച്ച് പതച്ചാര്‍ത്തുകൊണ്ടു പൊട്ടിച്ചിരിപ്പിക്കുന്ന ഈ വെള്ളച്ചാട്ടം സഞ്ചാരികളുടെ മനസ് കുളിര്‍പ്പിക്കും. വെള്ളം പാറകളിലേക്ക് പതിക്കുമ്പോഴുള്ള ശബ്ദം അങ്ങ് ദൂരെ കേള്‍ക്കുമെന്നത് മറ്റൊരു പ്രത്യേകത.
മഞ്ഞു പുതച്ചുറങ്ങുന്ന വിലങ്ങാട് വനത്തിലൂടെ തിരിക്കയത്തില്‍ ഒഴുകിയെത്തുന്ന നീര്‍ച്ചാലുകളിലെ ജലം താഴ്‌വാരകളില്‍ പതിക്കുന്ന കാഴ്ച മനോഹരമാണ്.
വെള്ളമേറുന്ന മഴക്കാലത്ത് ഇവിടെ സന്ദര്‍ശക തിരക്കാണ്. സീരിയലുകള്‍, ആല്‍ബങ്ങള്‍ എന്നിവയുടെ ചിത്രീകരണവും നടക്കാറുണ്ട്. ഈ പ്രദേശത്തിന്റെ സൗന്ദര്യം ആസ്വദിച്ച് നിറഞ്ഞ മനസോടെയാണ് ഏവരും മടങ്ങുന്നത്. പ്രകൃതിയുടെ ഈ വരദാനം കണ്ട് ആസ്വദിക്കുന്നതിനു പുറമെ ഇതിലിറങ്ങി കുളിച്ച് തിമിര്‍ക്കാനും യുവാക്കള്‍ മത്സരിക്കുന്നു.
മഴക്കാലത്താണ് ഇതിന്റെ സൗന്ദര്യമെങ്കില്‍ കടുത്ത വേനലില്‍ വെള്ളം പൂര്‍ണമായും വറ്റുന്നതോടെ ഇവിടം അന്യാധീനപ്പെട്ട അവസ്ഥയിലായിരിക്കും. വടകരയില്‍ നിന്ന് കല്ലാച്ചി വഴി വാണിമേല്‍ തിരക്കയത്ത് എത്താം. ജൂണ്‍, ജൂലായ് മാസങ്ങളിലാണ് ഇവിടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുക. മിക്കവരും സമീപ പ്രദേശത്തുകാരാണ്. പ്രകൃതിക്കിണങ്ങുന്ന അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ചെടുത്താല്‍ മറ്റു പ്രദേശങ്ങളില്‍ നിന്നുള്ളവരും എത്തും. ഈ പ്രദേശത്തിന്റെ വളര്‍ച്ചക്കു തന്നെ ഇത് സഹായകരമാവും.