നോട്ട് മാറാന്‍ ജില്ലാസഹകരണ ബാങ്കുകള്‍ക്ക് ഒരു മാസം കൂടി

0
877

 

ന്യൂഡല്‍ഹി: അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ ജില്ലാ സഹകരണ ബാങ്കുകള്‍ക്കും പോസ്റ്റ് ഓഫീസുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ ഒരു മാസം കൂടി സാവകാശം നല്‍കി. ജൂലായ് 20നകം സഹകരണ ബാങ്കുകളും പോസ്റ്റ് ഓഫീസുകളും തങ്ങളുടെ കൈവശമുള്ള അസാധു നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കണം. പകരം പുതിയ നോട്ടുകള്‍ ബാങ്കുകളുടെയും പോസ്റ്റ് ഓഫീസുകളുടെയും അക്കൗണ്ടുകളില്‍ നിക്ഷേപിക്കും. നിശ്ചിത സമയത്തിനുള്ളില്‍ നോട്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാതിരുന്നതിന്റെ കാരണം സമര്‍പ്പിക്കണമെന്നും റിസര്‍വ് ബാങ്കിന്റെ വിജ്ഞാപനത്തില്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 8നാണ് കറന്‍സി റദ്ദാക്കിയത്. പിറ്റേന്ന് ബാങ്കുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 10 മുതല്‍ 14വരെ സഹകരണ ബാങ്കുകളില്‍ നിക്ഷേപമായി ലഭിച്ച 8,000 കോടി രൂപയുടെ പഴയ നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നതിനാണ് കേന്ദ്ര ധനമന്ത്രാലയം ചട്ടങ്ങളില്‍ ഭേദഗതി വരുത്തി വിജ്ഞാപനമിറക്കിയത്. നവംബര്‍ 9നും ഡിസംബര്‍ 30നുമിടയില്‍ സ്വീകരിച്ച പഴയ നോട്ടുകള്‍ നിക്ഷേപിക്കുന്നതിനാണ് പോസ്റ്റ് ഓഫീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. നിക്ഷേപത്തിന്റെ രേഖകളും റിസര്‍വ് ബാങ്ക് ഒഫ് പരിശോധിക്കും. സഹകരണ ബാങ്കുകളുടെ കൈവശമുള്ള അസാധു നോട്ടുകള്‍ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നതിന് രണ്ട് ദിവസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കഴിഞ്ഞ ഡിസംബര്‍ 16ന് അന്നത്തെ ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍ അദ്ധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു. ആ ഉത്തരവ് വന്ന് ആറ് മാസം പിന്നിടുമ്പോഴാണ് ധനമന്ത്രാലയം ഇക്കാര്യത്തില്‍ വിജ്ഞാപനം ഇറക്കുന്നത്. നിക്ഷേപത്തിന്റെ ഭാഗമായി കെ.വൈ.സി രേഖകളും റിസര്‍വ് ബാങ്ക് പരിശോധിക്കുമെന്നാണ് സൂചന.