എന്റെ എഴുത്ത് ജീവിതം ഇന്ന് ധന്യമായി : എം.മുകുന്ദന്‍

0
811

വടകര: വീല്‍ചെയറിലും അമ്മമാരുടെ മടിയിലുമായി നിരന്നിരുന്ന ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് തന്റെ ഓദേഴ്‌സ് കോപ്പികള്‍ സമ്മാനിച്ച് കണ്ണുനിറഞ്ഞു കൊണ്ട് എം.മുകുന്ദന്‍ പറഞ്ഞു. ‘വായിക്കണം, ബുദ്ധിമുട്ടാണെങ്കില്‍ അമ്മ വായിച്ചു തരും. നിങ്ങള്‍ എന്റെ എഴുത്ത് ജീവിതം ധന്യമാക്കി.’
മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വൈകാരികത നിറഞ്ഞ അന്തരീക്ഷത്തില്‍ കിടപ്പിലായ കുട്ടികള്‍ക്ക് വീട്ടില്‍ ലൈബ്രറി ഒരുക്കുന്ന കോഴിക്കോട് ജില്ലാ സര്‍വശിക്ഷാ അഭിയാന്റെ പദ്ധതി ‘കൂട്ടുകൂടാന്‍ പുസ്തകച്ചങ്ങാതി’യുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ വിദ്യഭ്യാസ ചരിത്രത്തില്‍ നാഴികക്കല്ലായ നാള്‍ എന്നാണ് എം.മുകുന്ദന്‍ ചടങ്ങിനെ വിശേഷിപ്പിച്ചത്.
എസ്എസ്എ യുടെ സ്‌റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ സാം ജി. ജോണ്‍, ജില്ലാ പ്രോഗ്രാം ഓഫീസര്‍ എ.കെ.അബ്ദുള്‍ ഹക്കീം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.മോഹനന്‍, ഡിഇഒ സദാനന്ദന്‍ മണിയോത്ത്, എഇഒ എ.പ്രദീപ്കുമാര്‍, ബിപിഒ എടത്തട്ട രാധാകൃഷ്ണന്‍, മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ മാനേജര്‍ ടി.വി.ബാലകൃഷ്ണന്‍ നമ്പ്യാര്‍, പ്രിന്‍സിപ്പാള്‍ പി.കെ.കൃഷ്ണദാസ്, ഹെഡ്മാസ്റ്റര്‍ ടി.വി.രമേശന്‍, പി.ടി.എ പ്രസിഡന്റ് കെ.ഭാസ്‌കരന്‍, സ്വാഗതസംഘം കണ്‍വീനര്‍ കെ.ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന സംവാദത്തില്‍ തന്റെ 11 നോവലുകള്‍ വായിച്ചിട്ടുണ്ട് എന്നു ഭിന്നശേഷിയുള്ള കുട്ടികളിലൊരാളായ അഖില്‍രാജ് പറഞ്ഞപ്പോഴാണ് എം.മുകുന്ദന്‍ വികാരാധീനനായത്.
മയ്യഴിയും കടന്ന് ദല്‍ഹിയിലെത്തിയ സംവാദം ബീഫിലും കാവിവല്‍ക്കരണത്തിലുമൊക്കെ എത്തി ചൂടുപിടിച്ചു. രാഷ്ട്രീയം പറയേണ്ടെന്ന് വിചാരിച്ചതാണ്, പക്ഷേ നിങ്ങളോടല്‍പ്പം രാഷ്ട്രീയമാവാം എന്ന് പറഞ്ഞു കൊണ്ട് തന്നെ അടുക്കളയില്‍ വരെ എത്തിയ ഫാസിസത്തെ പ്രതിരോധിക്കാന്‍ എഴുത്തുകാര്‍ മാത്രമല്ല നിങ്ങളും അധ്യാപകരുമെല്ലാം മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
പുതിയ കാലം തന്നെ ഭയപ്പെടുത്തുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ഒരു മണിക്കൂര്‍ നീണ്ട സംവാദം മുകുന്ദന്‍ അവസാനിപ്പിച്ചത്. ലിജീഷ്‌കുമാര്‍ സംവാദത്തില്‍ മോഡറേറ്ററായി.
‘പത്തു നാല്‍പത് വര്‍ഷത്തോളം നീണ്ട ഡല്‍ഹി ജീവിതത്തിലാണ് എന്റെ ഏതാണ്ടെല്ലാ രചനകളും എഴുതപ്പെട്ടത്, പക്ഷേ അപ്പോഴും എന്റെ കാല്‍ ഇവിടെയായിരുന്നു. നാടും നാട്ടിലെ മഴയും മണ്ണുമൊക്കെ എപ്പോഴും എന്നെ പിടിച്ചു വലിച്ചിരുന്നു. അതുപോലെ കാലം എന്നെ തിരിച്ചു വിളിക്കുന്നു. എനിക്ക് കഴിയുമായിരുന്നെങ്കില്‍ ഒരു നൂറ് വര്‍ഷം പുറകിലേക്ക് ഞാന്‍ പോയേനേ. ഇക്കാണുന്ന കാറും വിമാനവും മിക്‌സിയും വാഷിംഗ് മെഷീനും ഒന്നുമില്ലാത്ത ലോകത്തേക്ക്. ഈ ലോകം എന്നെ അസ്വസ്ഥപ്പെടുത്തുന്നു.’ കുട്ടികളുടെ കൈയ്യടിയിലൂടെ മടങ്ങുമ്പോള്‍, വീട്ടിലിനിയും പുസ്തകങ്ങളുണ്ടെന്നും അതെല്ലാം ഈ കുഞ്ഞുങ്ങള്‍ക്കാണെന്നും സംഘാടകരെ ഓര്‍മിപ്പിക്കുക കൂടി ചെയ്തു എം.മുകുന്ദന്‍.