മലയോരത്ത് പനി ഭീതി

0
356

കുറ്റ്യാടി: കുന്നുമ്മല്‍ ബ്ലോക്കിന് കീഴിലെ മലയോര പഞ്ചായത്തുകളില്‍ പനിയും മറ്റ് സാംക്രമിക രോഗങ്ങളും വ്യാപകമാവുന്നു. മരുതോങ്കര പഞ്ചായത്തില്‍ ഡെങ്കിപ്പനി ബാധിച്ച് മൂന്നുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കുറ്റ്യാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. വയറിളക്കം, മഞ്ഞപ്പിത്തം, ചിക്കന്‍പോക്‌സ് തുടങ്ങിയ രോഗങ്ങളും വ്യാപകമായിട്ടുണ്ട്.
നൂറ് കണക്കിനാളുകളാണ് രോഗം ബാധിച്ച് ദിനംപ്രതി കുറ്റ്യാടി ഗവ:ആശുപത്രിയില്‍ ചികിത്സ തേടുന്നത്. വാര്‍ഡുകള്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കുണ്ട്‌തോട്, കായക്കൊടി, വേളം, നരിപ്പറ്റ, കുന്നുമ്മല്‍, മരുതോങ്കര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഏറുകയാണ്. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടുന്നുണ്ട്. മഴക്കാല പൂര്‍വശുചീകരണത്തില്‍ പഞ്ചായത്തുകള്‍ വരുത്തിയ വീഴ്ചയും ആരോഗ്യവകുപ്പ് കാണിച്ച നിസംഗതയും കൊതുകിന്റെ ഉറവിട നശീകരണത്തിന് നടപടി സ്വീകരിക്കാത്തതും പകര്‍ച്ച വ്യാധി പടരുന്നതിന് ഇടയാക്കി്. കുറ്റ്യാടി ആശുപത്രി പരിസരത്ത് മാലിന്യങ്ങളും മലിന ജലവും കെട്ടിക്കിടന്ന്
കൊതുക് ശല്യം രൂക്ഷമായിരിക്കുകയാണ്. മലയോര മേഖലയില്‍ റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിങ്ങിന് ഉപയോഗിക്കുന്ന ചിരട്ടകളില്‍ വന്‍ തോതില്‍ കൊതുകുകള്‍ വളരുന്നതായി നാട്ടുകാര്‍ പറയുന്നു.