ബ്രൗണ്‍ഷുഗറുമായി രണ്ടു പേര്‍ പോലിസ് പിടിയില്‍

0
1682

വടകര: വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ബ്രൗണ്‍ഷുഗര്‍ വിപണനം നടത്തുന്ന രണ്ടുപേരെ എടച്ചേരി പോലിസ് അറസ്റ്റ്‌ചെയ്തു. ഏറാമല ആദിയൂര്‍ കടവത്ത്മീത്തല്‍ വിജീഷ് (32), ഓര്‍ക്കാട്ടേരി പുത്തന്‍പീടികയില്‍ ജബ്ബാര്‍ എന്ന വിബിന്‍ (36) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് അമ്പത് ചെറിയ പാക്കറ്റുകളിലാക്കിയ 3.5 ഗ്രാം ബ്രൗണ്‍ഷുഗര്‍ കണ്ടെടുത്തു.
ആദിയൂരിലെ വിജീഷിന്റെ വീട് കേന്ദ്രീകരിച്ച് ബ്രൗണ്‍ഷുഗര്‍ വിപണനം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വടകര സിഐ ടി.മധുസൂധനന്റെ നേതൃത്വത്തില്‍ പോലിസ് പരിശോധന നടത്തിയത്. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കു വില്‍ക്കാന്‍ ഉദ്ദേശിച്ചാണ് ഇവര്‍ പാക്കറ്റുകളിലാക്കി വിതരണം ചെയ്യുന്നതെന്ന് പോലിസ് അറിയിച്ചു. ഗോവയില്‍ നിന്നാണ് ബ്രൗണ്‍ഷുഗര്‍ കൊണ്ടുവന്നത്. അടിപിടി കേസുകളും വധശ്രമവുമടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ ജബ്ബാര്‍ എന്ന വിബിന്‍. പോലിസ് പിടിയിലാകുമ്പോള്‍ രണ്ടുപേരും ലഹരിയിലായിരുന്നു. വസിഐക്കു പുറമെ എടച്ചേരി എസ്‌ഐ യൂസഫ് നടുത്തറേമ്മല്‍, എഎസ്‌ഐ ജയന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിദാസന്‍, മനോജ്കുമാര്‍, ശാലിനി, രതീഷ്, വിജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതികളെ വിശദമായ ചോദ്യം ചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കും.