വടകര-മാഹി കനാല്‍: ജനങ്ങളുടെ ദുരിതം നിയമസഭയില്‍

0
2449

വടകര : വടകര-മാഹി കനാല്‍ നിര്‍മാണത്തിന്റെ ഭാഗമായി ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പാറക്കല്‍ അബ്ദുല്ല സബ്മിഷന്‍ ഉന്നയിച്ചു. കനാലിന് വേണ്ടി കുഴിച്ചത് മൂലമുള്ള മണ്ണ് വലിയ കൂനകളായി വീടുകള്‍ക്ക് മുമ്പിലും മറ്റും കൂട്ടിയിട്ടിരിക്കുകയാണ്. ഈ മണ്ണ് എന്ത് ചെയ്യണമെന്ന് ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും ഒരു നിശ്ചയവുമില്ല. കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതില്‍ വലിയ അനാസ്ഥയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും പാറക്കല്‍ അബ്ദുല്ല സബ്മിഷനില്‍ കുറ്റപ്പെടുത്തി.
പുഴയില്‍ നിന്ന് ഉപ്പുവെള്ളം കയറുന്നതും ചില പ്രദേശങ്ങളില്‍ കിണറുകള്‍ വറ്റുന്നതും ജനങ്ങള്‍ക്ക് വലിയ പ്രയാസമാണുണ്ടാക്കുന്നത്. വീടുകളുടെ ചുമരുകള്‍ നിര്‍മാണ പ്രവൃത്തി കാരണം വിണ്ടുകീറിയിട്ടുണ്ട്. പ്രധാന റോഡുകളില്‍ കനാലിനു വേണ്ടി പാലങ്ങളുടെ നിര്‍മാണം നടക്കുന്നത് കാരണം സ്‌കൂളുകളിലും കോളേജിലും പോകുന്ന വിദ്യാര്‍ഥികളുള്‍പ്പെടെ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നു. സാമാന്യം വേഗത്തില്‍ പാലം നിര്‍മ്മാണം പുരോഗമിക്കുന്നുണ്ടെങ്കിലും മഴക്കാലമെത്തിയാല്‍ പ്രയാസം ഇരട്ടിക്കുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. കനാലിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ചേരിപ്പൊയില്‍, കല്ലേരി ഭാഗങ്ങളില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് സാധ്യയുള്ളതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച് വിദഗ്ധ പഠനം നടത്തണം. ഉന്നത ഉദ്യോഗസ്ഥരെ അയച്ച് സ്ഥല പരിശോധന നടത്തണമെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ അടിയന്തര യോഗം വിളിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.