കേരളീയ സമാജം പുസ്തകോത്സവത്തിന് തുടക്കമായി

0
958

മനാമ: ബഹ്‌റൈന്‍ കേരളീയ സമാജം ഡി.സി. ബുക്‌സുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ പുസ്തകമേളക്ക് തുടക്കമായി. ഇന്നലെ രാത്രി സമാജത്തില്‍ നടന്ന ചടങ്ങില്‍ സാഹിത്യകാരനും എം.പിയുമായ ശശി തരൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള അധ്യക്ഷനായിരുന്നു. രവി ഡി.സി, സമാജം ജന.സെക്രട്ടറി എന്‍.കെ.വീരമണി, ബഹ്‌റൈന്‍ ക്രൗണ്‍ പ്രിന്‍സ് കോര്‍ട് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ ദെയ്ജ് ആല്‍ ഖലീഫ, ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ആനന്ദ് പ്രകാശ്, സമാജം സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി.ഫിലിപ്പ്, വൈസ് പ്രസിഡന്റ് ആഷ്‌ലി ജോര്‍ജ്, പുസ്തകോത്സവം കണ്‍വീനര്‍ ഡി.സലിം തുടങ്ങിയവര്‍ സംബന്ധിച്ചു.
സമാജം മ്യൂസിക് ക്ലബിന്റെ നേതൃത്വത്തിലുള്ള സംഘഗാനത്തോടെയാണ് പരിപാടികള്‍ തുടങ്ങിയത്. തരൂരിന്റെ ‘ആന്‍ ഇറ ഓഫ് ഡാര്‍ക്‌നസ് ദ ബ്രിട്ടിഷ് എമ്പയര്‍ ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ ചടങ്ങില്‍ പ്രകാശനം ചെയ്തു. ‘സാമ്രാജ്യത്വത്തിന്റെ ഇരുണ്ടയുഗം’ എന്ന വിഷയത്തിലായിരുന്നു തരൂരിന്റെ പ്രഭാഷണം. ബി.കെ.എസ് എന്നത് ഇംഗ്ലീഷില്‍ ‘ബുക്‌സ്’ എന്ന് പറയുന്നതിന്റെ ചുരുക്കമാണെന്നത് രസകരമാണെന്ന് തരൂര്‍ പറഞ്ഞു.
ബ്രിട്ടിഷ് സാമ്രാജ്യത്വം ഇന്ത്യയുടെ തദ്ദേശീയ വ്യവസായങ്ങളെയും സാംസ്‌കാരിക പാരമ്പര്യത്തെയും തകര്‍ത്തതിനെക്കുറിച്ചുള്ള സമഗ്ര പ്രഭാഷണമായി തരൂരിന്റെ ഉദ്ഘാടന പ്രസംഗം മാറി. തന്റെ പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ചും അദ്ദേഹം വിവരിച്ചു. കൊളോണിയല്‍ ശക്തിയായ ബ്രിട്ടീഷുകാര്‍ ഇന്ത്യയെ എല്ലാ അര്‍ഥത്തിലും കൊള്ളയടിക്കുകയാണുണ്ടായതെന്ന് അദ്ദേഹം ഉദാഹരണ സഹിതം വിശദമാക്കി.
ആദ്യ ദിനത്തില്‍ നിരവധിയാളുകള്‍ പുസ്തകോത്സവത്തിനെത്തി.ഇതോടനുബന്ധിച്ച് നടക്കുന്ന സാംസ്‌കാരികോത്സവത്തില്‍ ഇന്ന് ഡോ.വന്ദന ശിവ സംസാരിക്കും. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകയും 20ലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഡോ.വന്ദന ശിവ ഈ രംഗത്ത് ലോകപ്രശസ്തയാണ്. രാത്രി എട്ടുമണിക്ക് ആരംഭിക്കുന്ന പ്രഭാഷണത്തെ തുടര്‍ന്ന് മുഖാമുഖവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
കരിയര്‍ ഗുരു ബി.എസ്.വാരിയരുടെ സെഷനുകള്‍ വരും ദിവസങ്ങളില്‍ നടക്കും. മേയ് 25,26 തിയതികളില്‍ ജി.സി.സി തലത്തിലുള്ള സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കും. ഇതിന് നോവലിസ്റ്റും കവിയുമായ മനോജ് കുറൂര്‍, സാഹിത്യ നിരൂപകന്‍ കെ.എസ്. രവികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കും. കവിതക്കും കഥക്കും പ്രത്യേകം സെഷനുകളുണ്ടാകും. കുട്ടികള്‍ക്കുള്ള കൂടുതല്‍ പുസ്തകങ്ങളും കരിയര്‍ ഡെവലപ്മന്റെ് സെഷനുകളും ഈ വര്‍ഷത്തെ പുസ്തകോത്സവത്തിന്റെ പ്രത്യേകതയാണ്. പൊതുവിജ്ഞാന തല്‍പരര്‍ക്കായി ‘ക്വിസ് കോര്‍ണറുകളും’ ഒരുക്കും. സാംസ്‌കാരികോത്സവത്തെ വര്‍ണശബളമാക്കുന്ന നിരവധി മത്സങ്ങളും നടക്കുന്നുണ്ട്. പരിപാടി 27ന് സമാപിക്കും.