കേന്ദ്രനയങ്ങള്‍ക്കെതിരായ സിപിഎം ജാഥക്ക് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം

0
651
സിപിഎം ജാഥാ ക്യാപ്റ്റന്‍ ജില്ലാ സെക്രട്ടറി പി.മോഹനനെ വടകര ഏരിയാ സെക്രട്ടറി പി.കെ.ദിവാകരന്‍ സ്വീകരിക്കുന്നു

വടകര: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടി സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ നയിക്കുന്ന വാഹന ജാഥക്കു വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. വളയത്തു നിന്നു പ്രയാണം തുടങ്ങിയ നാദാപുരം, ഇരിങ്ങണ്ണൂര്‍, ഓര്‍ക്കാട്ടേരി, നാദാപുരം റോഡ്, കോട്ടപ്പള്ളി, കുറുന്തോടി എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം വടകരയില്‍ സമാപിച്ചു.
മതനിരപേക്ഷ മൂല്യങ്ങള്‍ തകര്‍ത്ത് രാജ്യത്തെ സര്‍വനാശത്തിലേക്ക് നയിക്കുന്ന നടപടികളാണ് കേന്ദ്രം ഭരിക്കുന്നവര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ജാഥാ ലീഡര്‍ മോഹനന്‍ പറഞ്ഞു. കേരളത്തിലെ എല്‍ഡിഎഫ് മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന ശക്തമായ നിലപാടുകളുമായാണ് മുന്നോട്ട് പോകുന്നത്. സ്വീകരണ കേന്ദ്രങ്ങളില്‍ ജാഥാ ലീഡര്‍ക്കു പുറമെ ഡെപ്യൂട്ടി ലീഡര്‍ പി.സതീദേവി, മാനേജര്‍ എം.മെഹബൂബ്, അംഗങ്ങളായ കെ.പി.കുഞ്ഞമ്മദ്കുട്ടി, മാമ്പറ്റ ശ്രീധരന്‍, കെ.കെ. ലതിക, കെ.കെ.ദിനേശന്‍, പി.കെ.മുകുന്ദന്‍, പി.കെ.പ്രേംനാഥ് എന്നിവര്‍ സംസാരിച്ചു.
വടകരയില്‍ നടന്ന സ്വീകരണ യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. പി.കെ.ശശി സ്വാഗതം പറഞ്ഞു.
പൊതുവിതരണ സമ്പ്രദായം തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍നീക്കം ഉപേക്ഷിക്കുക, വെട്ടിക്കുറച്ച റേഷന്‍ പുനഃസ്ഥാപിക്കുക, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ദുര്‍ബലപ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക മേഖലയോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ജാഥ നടത്തുന്നത്.