സൗജന്യ കുടിവെള്ള പദ്ധതിയുമായി ഹംസ മടിക്കൈ

0
920

വടകര: ‘ജീവജലം സര്‍വമയം’ എന്ന പേരില്‍ വടകരയുടെ കുടിവെള്ളക്ഷാമത്തിനു പരിഹാരമായി സസ്യഭാരതി ഉസ്താദ് വൈദ്യര്‍ ഹംസ മടിക്കൈ നടപ്പിലാക്കുന്ന സൗജന്യകുടിവെള്ള പദ്ധതിക്കു തുടക്കമായി. പ്രശസ്ത സിനിമാതാരം ദേവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കാഴ്ചശക്തിയില്ലാത്ത വടകര ക്രാഷ്മുക്കിലെ ഇന്ദിരാമ്മക്കും കുടുംബത്തിനും ഹംസ മടിക്കൈ നിര്‍മിച്ചു നല്‍കിയ ഹംസകിണറിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു. കിണറും വെള്ളവും സ്വകാര്യസ്വത്തല്ല എന്നും അത് എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നും ദേവന്‍ അഭിപ്രായപ്പെട്ടു.
‘ജലതരംഗം ഹംസക്കിണര്‍’ പദ്ധതിയുടെ ഭാഗമായി പതിനൊന്നാമത്തെ കിണറാണ് ഇന്ദിരാമ്മക്കും കുടുംബത്തിനും നിര്‍മിച്ചു നല്‍കിയത്. ‘ജീവജലം സര്‍വമയം ‘ എന്നപേരില്‍ വടകര മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും സൗജന്യമായി കുടിവെള്ളം ടാങ്കറിലാക്കി എത്തിക്കുകയാണ് ചെയ്യുക. രാപ്പകല്‍ ഭേദമില്ലാതെ കുടിവെള്ളം ലഭ്യമാക്കും. മണ്ഡലത്തിലെ ആര്‍ക്കും പദ്ധതിയുമായി ബന്ധപ്പെടാം.
ഇവക്കുപുറമേ അമ്മമാരെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്ന’അമ്മക്കൊരുമ്മ’, തെരുവിന്റെ മക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന ‘അത്താഴപുണ്യം’, വിദ്യാലയങ്ങളില്‍ സേവിന്റെ സഹകരണത്തോടെ ഔഷധസസ്യങ്ങള്‍ വച്ചുപിടിപ്പിക്കുന്ന ‘ഔഷധസസ്യ പൂങ്കാവനം’ തുടങ്ങിയ നിരവധി പദ്ധതികളാണ് ഹംസ മടിക്കൈ നടപ്പിലാക്കുന്നത്.
ഉദ്ഘാടന പരിപാടിയില്‍ മുന്‍ എംപി പി.സതീദേവി അധ്യക്ഷത വഹിച്ചു. പ്രൊഫ. ശോഭീന്ദ്രന്‍, ബിനീഷ് കോടിയേരി, ശ്യാം ജി മേനോന്‍, കെ. കിഷോര്‍, കെ.ജസീല, ആര്‍.കെ.നിഷ, വടയക്കണ്ടി നാരായണന്‍, ശശീന്ദ്രന്‍ മടിക്കൈ, പി.എം.അശോകന്‍, ഡോക്ടര്‍ സിനുറാസ്, ലിസിന പ്രകാശ്, പി.കെ.അബ്ദുള്ള, എ.കെ.ദേവരാജന്‍, കെ.കൃഷ്ണന്‍, ആദര്‍ശ് അശോക് തുടങ്ങിയവര്‍ സംസാരിച്ചു. കുടിവെള്ളം എത്തിച്ച് നല്‍കാനുള്ള എട്ടുലക്ഷം രൂപ ചിലവ് വരുന്ന വാഹനം ശ്യാം ജി മേനോന്‍ ഈ പദ്ധതിക്കായി സംഭാവന ചെയ്യുകയായിരുന്നു. അടുത്ത ഹംസക്കിണറിന്റെ ചെലവ് താന്‍ വഹിക്കുമെന്ന് ബിനീഷ് കോടിയേരി ചടങ്ങില്‍ പ്രഖ്യാപിച്ചു.