മണല്‍ വാരല്‍ നിലച്ചിട്ട് ഒന്നരമാസം; തൊഴിലാളി സമരം ശക്തമാക്കുന്നു

0
807

വടകര: തുറമുഖ കടവുകളില്‍ 42 ദിവസമായി മുടങ്ങിയ മണല്‍വാരല്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മണല്‍ തൊഴിലാളികള്‍ നടത്തുന്ന സമരം ശക്തമാക്കുന്നു. മണല്‍ വാരല്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.
പണി മുടങ്ങിയ ലോറി തൊഴിലാളികള്‍ 17ന് കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. മണല്‍ വാരാനുള്ള അവകാശം സൊസൈറ്റികളില്‍ നിന്ന് നഗരസഭകള്‍ക്ക് ഏല്‍പിച്ചു കൊടുത്തെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ മണല്‍ വാരല്‍, ലോറി തൊഴിലാളികളുടെ ഉപജീവനം താറുമാറായ നിലയിലാണ്. പരിഹാരം തേടി മണല്‍ തൊഴിലാളികള്‍ താലൂക്ക്, നഗരസഭാ ഓഫിസ് മാര്‍ച്ചുകള്‍ നടത്തിയെങ്കിലും നടപടിയില്ല. ഇതേതുടര്‍ന്നാണ് സമരം ശക്തിപ്പെടുത്താന്‍ വിവിധ യൂണിയനുകളുടെ നേതൃത്വത്തിലുള്ള കര്‍മ സമിതി തീരുമാനിച്ചിരിക്കുന്നത്.
മണല്‍ വാരല്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് 17ന് സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ്, എസ്ടിയു, എച്ച്എംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്താന്‍ സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയന്‍ തീരുമാനിച്ചു. കെ.എന്‍.എ. അമീര്‍ അധ്യക്ഷത വഹിച്ചു. കെ.വി.രാമചന്ദ്രന്‍, രാമകൃഷ്ണന്‍ മൂരാട്, രാജേഷ് കിണറ്റിന്‍കര, സജീഷ്‌കുമാര്‍ കോട്ടക്കല്‍, ചെറിയേരി പത്മനാഭന്‍, മൊടച്ചേരി സതീശന്‍, വിനോദ് ചെറിയത്ത്, പി.രാജന്‍, പാറപ്പുറത്ത് ഖാദര്‍, വി.കെ.നിസാര്‍, രഞ്ജിത്ത് കോടഞ്ചേരി, കെ.കെ.മനോജന്‍, വി.കെ. പ്രകാശന്‍ എന്നിവര്‍ പ്രസംഗിച്ചു.
: