ജലസമൃദ്ധമായ കോട്ടക്കുളം നവീകരണത്തിന്‌ ഉജ്വല തുടക്കം

0
963

വടകര: വടകര പട്ടണത്തിനു മുഴുവന്‍ ജലം നല്‍കാന്‍ പ്രാപ്തമായ കോട്ടക്കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്വല തുടക്കം. നഗര ഹൃദയത്തില്‍ തഴയപ്പെട്ടു കിടന്ന ഈ ജലാശയം വീണ്ടെടുക്കുന്നതിനു നാട് കൈകോര്‍ത്തു. ഞായറാഴ്ച രാവിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും സന്നദ്ധ പ്രവര്‍ത്തകരും പുതിയ ഉദ്യമത്തിനു രംഗത്തിറങ്ങി.
പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ കടത്തനാട് രാജാവ് നിര്‍മിച്ച കോട്ടക്കുളം അമ്പത് സെന്റിലേറെ വിസ്തൃതി ഉള്ളതാണ്. കാലക്രമത്തില്‍ മണ്ണ് മൂടി, കരകള്‍ പാഴ്മരങ്ങളും വള്ളിപ്പടര്‍പ്പുകളും വളര്‍ന്ന് നികന്ന് കുളം ഉപയോഗശൂന്യമായി. ഈ കടുത്ത വേനലില്‍ ചുറ്റുമുള്ള എല്ലാ ജലാശയങ്ങളും വറ്റിയപ്പോഴും കോട്ടക്കുളം ജീവജലം വറ്റാതെ നിന്നു. നാലുഭാഗവും കൈയ്യേറ്റങ്ങള്‍ നടന്നിട്ടും ഇപ്പോഴും കുളത്തിന് നാല്പതു സെന്റിലേറെ വിസ്തൃതിയുണ്ട്. ഈ കുളമാണ് ജനകീയ കൂട്ടായ്മയിലൂടെ നവീകരിക്കാന്‍ തീരുമാനിച്ചത്. രണ്ടു തവണ യോഗങ്ങള്‍ കൂടി നവീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ നടത്തി. കഴിഞ്ഞ ദിവസം വടകര കോട്ടപ്പറമ്പില്‍ സംരക്ഷണവലയം തീര്‍ക്കല്‍ പരിപാടിയും നടന്നു. തുടര്‍ന്നാണ് നവീകരണത്തിലേക്കു നീങ്ങിയത്.
ഞായറാഴ്ച രാവിലെ ഏഴിനു പരിസ്ഥിതി പ്രവര്‍ത്തകരും സന്നദ്ധസേവകരും കുളത്തിലേക്ക് മാര്‍ച്ച് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനത്തിലൂടെ അഞ്ച് കോടിയിലേറെ ചിലവഴിച്ച് നവീകരിച്ചെടുക്കുന്ന കുളം നഗരത്തിലെ മുഴുവന്‍ കുടിവെള്ള പ്രശ്‌നത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി എംഎല്‍എ, എംപി ഫണ്ടുകള്‍ കേന്ദ്രത്തിന്റെ സരോവരം പ്രോജക്ട്, വനംവകുപ്പിന്റെ സഹകരണം എന്നിവ തേടാനാണ് ഉദ്ദേശിക്കുന്നത്.
ചുറ്റുമുള്ള മരങ്ങളില്‍ ഏതാനും ചിലത് മുറിച്ചുമാറ്റി കുളത്തിലേക്ക് വഴിയൊരുക്കുകയാണ് ആദ്യം ചെയ്തത്. ജെസിബി ഉപയോഗിച്ച് കുളത്തിലേക്ക് ഇറങ്ങി കുളം വൃത്തിയാക്കി എടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചു.
ഡിവൈഎസ്പി കെ.സുദര്‍ശന്‍ നേരിട്ടെത്തി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് പോലീസ് സേനാംഗങ്ങള്‍ക്ക് ആവേശം പകര്‍ന്നു. മുന്‍സിപ്പാല്‍ ജീവനക്കാരും സജീവമായി സഹകരിച്ചു. ചെയര്‍മാന്‍ കെ.ശ്രീധരന്റെ അധ്യക്ഷതയില്‍ സി.കെ.നാണു എംഎല്‍എ നവീകരണം ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു, കൗണ്‍സിലര്‍മാരായ പി.അശോകന്‍., പി.ബിജു, എ.പ്രേമകുമാരി, കര്‍മസമിതി ചെയര്‍മാന്‍ പി.ബാലന്‍, മണലില്‍ മോഹനന്‍, പി.പി.രഞ്ജിനി, എടയത്ത് ശ്രീധരന്‍, കെ.വി.വത്സലന്‍, കെ.സി.പവിത്രന്‍, പി.പി.ശൈലജ, കെ.പി.പ്രദീപ്കുമാര്‍, സന്ദീപ് ലാല്‍, വടയക്കണ്ടി നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

777777777777777777