ലോഡ്ജുകളില്‍ വന്‍ ചൂതാട്ടം; രണ്ടു ലക്ഷത്തിലേറെ രൂപ പിടിച്ചു

0
1408

വടകര: ലോഡ്ജുകളിലെ ചൂതാട്ട കേന്ദ്രത്തില്‍ വടകര പോലീസ് നടത്തിയ റെയ്ഡില്‍ രണ്ടു ലക്ഷത്തിലേറെ രൂപ പിടികൂടി. സംഭവത്തില്‍ പതിമൂന്നു പേരെ അറസ്റ്റ് ചെയ്തു. ശ്രീകൃഷ്ണ, ബ്ലൂസ്റ്റാര്‍ ലോഡ്ജുകളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സബ് ഇന്‍സ്‌പെക്ടറും ഇന്നു പുലര്‍ച്ചെ വെവേറെ നടത്തിയ റെയ്ഡിലാണ് ചൂതാട്ടം പിടികൂടിയത്.
വടകരയിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് തകൃതിയായ ചീട്ടുകളി നടക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡിനിറങ്ങിയത്. സിഐ മധുസൂദനന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണയില്‍ നടത്തിയ റെയ്ഡില്‍ ഏഴു പേരെ പിടികൂടി. ഇവരില്‍ നിന്ന് 1,21,000 രൂപ കണ്ടെടുത്തു. എസ്‌ഐ ജയന്റെ നേതൃത്വത്തിലാണ് ബ്ലൂസ്റ്റാര്‍ ലോഡ്ജില്‍ റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് ആറു പേരെ ഒരു ലക്ഷത്തിലേറെ രൂപ സഹിതം പിടികൂടി.
വടകരയിലും പരിസരത്തുമുള്ളവരാണ് പിടിയിലായ ചീട്ടുകളിക്കാരെന്നു പോലീസ് അറിയിച്ചു. ലോഡ്ജുകളില്‍ രഹസ്യമായി ഒത്തൂകൂടി മണിക്കൂറുകളോളം കളിയിലേര്‍പെടുകയാണ് ചെയ്യുന്നത്. മുമ്പൊക്കെ വീടുകളും ആളൊഴിഞ്ഞ സ്ഥലവുമൊക്കെ കേന്ദ്രമാക്കിയാണ് ചീട്ടുകളിയെങ്കില്‍ പോലീസ് നടപടി ഭയന്നാണ് ലോഡ്ജുകളിലേക്ക് മാറ്റിയത്. സ്ഥിരമായി ഒരു ലോഡ്ജില്‍ നില്‍ക്കാതെ മാറിമാറിയാണ് കളി. ഇതിനിടയിലാണ് ചിലര്‍ ഇന്നു പുലര്‍ച്ചെ വലയിലായത്.