ആര്‍ടിഒ ഓഫീസിലെ മൂന്നു വാഹനങ്ങള്‍ക്ക് നേരെ ആക്രമണം; ഗ്ലാസുകള്‍ തകര്‍ത്തു

0
1350

വടകര: വടകര ആര്‍ടിഒ ഓഫീസിലെ വാഹനങ്ങള്‍ക്ക് നേരെ ആക്രമണം. മൂന്നു വാഹനത്തിന്റെ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തിരിക്കുകയാണ്.
മിനിസിവില്‍ സ്‌റ്റേഷനിലെ ഓഫീസിനോടു ചേര്‍ന്ന ഷെഡില്‍ നിര്‍ത്തിയിട്ടവക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. നാല് വാഹനങ്ങളില്‍ മൂന്നിന്റെയും ഗ്ലാസുകള്‍ തകര്‍ത്തിരിക്കുകയാണ്. മൊബൈല്‍ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ ജീപ്പും ആക്രമിക്കപ്പെട്ടു. മുന്നിലേയും പിന്നിലേയും ഗ്ലാസുകള്‍ തകര്‍ത്തിട്ടുണ്ട്. പുലര്‍ച്ചെ ആക്രമണം നടത്തിയതായാണ് കരുതുന്നത്. അവധി ദിവസമായ രണ്ടാം ശനിയാഴ്ച ഉച്ചയോടെ പ്രത്യേക പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരാണ് വാഹനങ്ങള്‍ തകര്‍ത്ത നിലയില്‍ കണ്ടത്.
സാമൂഹിക വിരുദ്ധരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. കഴിഞ്ഞ ദിവസങ്ങളിലൊന്നും വാഹന പരിശോധനക്കിടയിലോ മറ്റോ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. അക്രമത്തിനു പിന്നില്‍ എന്താണെന്ന് വ്യക്തമല്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. വടകര എസ്‌ഐയുടെ നേതൃതത്തിലുള്ള പോലീസ് സംഘം അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.