ടിപി കേസിലൂടെ ശ്രദ്ധേയനായ ഷൗക്കത്തലി പാരീസ് ഭീകരാക്രമണക്കേസ് അന്വേഷണ സംഘത്തില്‍

0
6731

ന്യൂഡല്‍ഹി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിലൂടെ ശ്രദ്ധേയനായ പോലീസ് ഉദ്യോഗസ്ഥന്‍ എ.പി ഷൗക്കത്തലി അടങ്ങുന്ന എന്‍ഐഎ സംഘം പാരീസ് ഭീകരാക്രമണക്കേസ് അന്വേഷണത്തിനായി പാരീസിലെത്തി.
ഐ.എസ് ബന്ധത്തിന്റെ പേരില്‍ എന്‍.ഐ.എ കനകമലയില്‍ നിന്നും അറസ്റ്റ് ചെയ്ത സുബ്ഹാനി ഹാജിയുമായി ബന്ധപ്പെട്ടവര്‍ക്ക് പാരീസ് ഭീകരാക്രമണവുമായി ബന്ധമുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം.
രണ്ട് ദിവസത്തോളം ഇവര്‍ ഫ്രാന്‍സില്‍ ഉണ്ടാവും. 2015 നവംബറിലായിരുന്നു പാരീസില്‍ 150 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണമുണ്ടായത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കണ്ണൂര്‍ കനകമലയില്‍ നിന്നും അക്രമണത്തിന് ഗൂഡാലോചന നടത്തുന്നതിനിടെ സുബ്ഹാനി ഹാജി അടക്കമുള്ള ആറ് പേരെ എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് ഇറാഖിലെ മൊസൂളില്‍ നിന്ന് ഐ.എസിന്റെ ആയുധ പരിശീലനം ലഭിച്ചിരുന്നുവെന്ന് വ്യക്തമായിരുന്നു. കൂടാതെ ഇയാളുടെ കമാന്‍ഡറായിരുന്ന ഒരാളെ പാരീസ് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പറയുന്ന രണ്ട് പേര്‍ കാണാന്‍ വന്നിരുന്നതായും മൊഴി ലഭിച്ചിരുന്നു. തുടര്‍ന്ന് എന്‍.ഐ.എ ഇക്കാര്യം ഫ്രാന്‍സിന്റെ രഹസ്യാന്വേഷണ വിഭാഗത്തെ അറിയിക്കുകയായിരുന്നു.
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്നു എ.പി ഷൗക്കത്തലി. 1995 ലെ കേരളപോലീസ് എസ്.ഐ ബാച്ചിലെ ഒന്നാംറാങ്കുകാരനാണ്. 2014 ല്‍ ആയിരുന്നു തലശ്ശേരി ഡി.വൈ.എസ്.പി ആയിരുന്ന ഷൗക്കത്തലി ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എയിലേക്ക് പോയത്.