തിരുവള്ളുര്‍ സാമൂഹികാരോഗ്യകേന്ദ്രം വികസനപാതയില്‍

0
649

തിരുവള്ളൂര്‍: തിരുവള്ളുര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ വികസനത്തിന് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സമഗ്രപദ്ധതി ആവിഷ്‌കരിച്ചു. താലൂക്ക് ആശുപത്രിയായി ഉയര്‍ത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ നാലു ഡോക്ടര്‍മാരും രണ്ടു നഴ്‌സും ഒരു ഫാര്‍മസിസ്റ്റും ഒരു ലാബ് ടെക്‌നീഷ്യനുമുണ്ട്. ഇവര്‍ക്കു പുറമേ രണ്ടു നഴ്‌സിങ് അസിസ്റ്റന്റ്, ഒരു ഹോസ്പിറ്റല്‍ അസിസ്റ്റന്റ്, ഒരു പാര്‍ട്ടൈം സ്വീപ്പര്‍ എന്നിവരും ഉണ്ട്. താലൂക്ക് ആശുപത്രിക്ക് സമാനമായ സ്റ്റാഫ് പാറ്റേണ്‍ നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ബ്ലോക്ക് പഞ്ചായത്ത്. പുതിയ ഓഫീസ് കെട്ടിടം യാഥാര്‍ഥ്യമാക്കി.
രണ്ടര ലക്ഷം രൂപ ചെലവില്‍ മഴവെള്ളസംഭരണിയും ഇരുപത്തിയ്യായിരം രൂപ ചെലവഴിച്ച് കിണര്‍ റീചാര്‍ജിംഗ് പദ്ധതിയും ആവിഷ്‌കരിച്ചു. ഹോസ്പിറ്റലില്‍ എത്തിയ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഭാരവാഹി മണലില്‍ മോഹനന്‍ ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം നല്‍കി. നേരത്തെ നൂറില്‍ താഴെ മാത്രം രോഗികള്‍ സന്ദര്‍ശിച്ചിരുന്ന ഇവിടെ ഇപ്പോള്‍ നിത്യേന നാനൂറിലധികം പേര്‍ ചികിത്സ തേടി എത്തുന്നു. ജീപ്പ്, ഓട്ടോറിക്ഷ എന്നിവ തിരുവള്ളൂര്‍ അങ്ങാടിയില്‍ നിന്നു സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ ഹോസ്പിറ്റലിലേക്കുള്ള റോഡ് ഇപ്പോഴും ശോച്യാവസ്ഥയിലാണ്. നാട്ടുകാരനായ ഡോക്ടര്‍ പി.കെ.ഉസ്മാന്‍ മെഡിക്കല്‍ ഓഫീസറായി വന്നതിനുശേഷമാണ് ആശുപത്രിയുടെ സമഗ്രവികസനത്തിന് തുടക്കം കുറിച്ചത്.
ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച ഓഫീസ് കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്യ്തു. വൈസ് പ്രസിഡന്റ് സുമ തൈക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.വി.സഫീറ, വാര്‍ഡ് മെമ്പര്‍ കൂമുള്ളി ഇബ്രാഹിം, മെഡിക്കല്‍ ഓഫീസര്‍ ഡോ.പി.കെ.ഉസ്മാന്‍, വടയക്കണ്ടി നാരായണന്‍, ഇ.കൃഷ്ണന്‍, കെ.കെ.ബാലകൃഷ്ണന്‍, ടി.കെ.കുഞ്ഞികണ്ണന്‍, സലിം മണിമ തുടങ്ങിയവര്‍ സംസാരിച്ചു.