ചുട്ടുപൊള്ളുന്ന വേനലില്‍ ദാഹജലം പകര്‍ന്ന് ഒരു കുടുംബം

0
1206

വടകര: ചുട്ടുപൊള്ളുന്ന വേനലില്‍ ദാഹജലം പകര്‍ന്ന് ഒരു കുടുംബം. കസ്റ്റംസ്‌റോഡ് അഫ്‌നാനില്‍ പി.മഹമൂദും ഭാര്യയുമാണ് വീടിനോട് ചേര്‍ന്ന് കുടിവെള്ളത്തിനു സൗകര്യമൊരുക്കിയത്. നടന്നും വാഹനങ്ങളിലും പോകുന്നവര്‍ ഇവിടെ നിന്നു തണുത്ത വെള്ളം ആവോളം കുടിച്ചു യാത്ര തുടരുകയാണ്.
കഴിഞ്ഞ ദിവസമാണ് ഈ സംവിധാനം തുടങ്ങിയത്. മതിലിനപ്പുറം ഫ്രീസര്‍ സ്ഥാപിച്ച് പൈപ്പ് പുറത്തേക്ക് നീട്ടി മതിലില്‍ ടാപ്പ് ഘടിപ്പിച്ചാണ് കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കിയത്. സ്റ്റീല്‍ തട്ടില്‍ ഗ്ലാസുകളുമുണ്ട്. അസഹ്യമായ ചൂടില്‍ നാട് വെന്തുരുകുമ്പോള്‍ വഴിയോരങ്ങളില്‍ പല സംഘടനകളും മറ്റും ദാഹജലത്തിനു സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും തണുത്ത വെള്ളം സദാ ലഭിക്കാന്‍ ഫ്രീസറോടു കൂടിയുള്ള ഇത്തരമൊരു സംവിധാനം അപൂര്‍വമാണ്. ആവിക്കല്‍, കുരിയാടി ഭാഗങ്ങളിലേക്കും ടൗണിലേക്കും താഴെഅങ്ങാടി ഭാഗത്തേക്കും ഇതിലൂടെ പോകുന്നവര്‍ക്ക് ഇത് അനുഗ്രഹമാണ്. തണുത്ത വെള്ളം കുടിച്ച് ക്ഷീണമകറ്റിയാണ് യാത്ര.
കടുത്ത വെയിലേറ്റ് വിയര്‍ത്ത് നടന്നുനീങ്ങുന്നവര്‍ റോഡരികിലെ വീടുകളില്‍ നിന്നു വെള്ളം കുടിച്ച് പോകുന്നത് കസ്റ്റംസ് റോഡ് ഭാഗത്ത് പതിവാണ്. ഈയൊരു സാഹചര്യത്തില്‍ ഒരുക്കിയ ഈ കുടിവെള്ള പദ്ധതി അനുഗ്രഹമായി.