പ്രവാസികളുടെ നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും: പിണറായി വിജയന്‍

0
843

ദുബൈ: പ്രവാസികളുടെ നിക്ഷേപത്തിന് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എമിറേറ്റസ് ടവറില്‍ ദുബൈ സ്മാര്‍ട്ട് സിറ്റി നടത്തിയ ബിസിനസുകാരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ വികസനത്തിന് വലിയതോതില്‍ സംഭാവന നല്‍കിയത് പ്രവാസികളാണ്. സംസ്ഥാനത്തെ എത് മേഖലയിലും അവര്‍ക്ക് നിക്ഷേപിക്കാനുള്ള സാഹചര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളുടെ നിക്ഷേപങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി പ്രവാസി നിക്ഷേപ സഹായ സെല്ലും പ്രമുഖ വ്യവസായികളെ ഉള്‍പ്പെടുത്തി പ്രവാസി നിക്ഷേപ കൗണ്‍സിലും രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഉടന്‍ തന്നെ പുതിയ വ്യവസായ നയം പ്രഖ്യാപിക്കും. എകജാലക സംവിധാനം നടപ്പിലാക്കുമെന്നും ഇതിലൂടെ വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനാവുമെന്നും പിണറായി പറഞ്ഞു. വ്യവസായങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ വഴിയാവും നടത്തുകയെന്നും പിണറായി അറിയിച്ചു. നേരത്തെ എമിറേറ്റസ് ടവറില്‍ നടന്ന ചടങ്ങ് യു.എ.ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നൗദീപ് സിങ് ഉദ്ഘാടനം ചെയ്തു. ജോണ്‍ ബ്രിട്ടാസ് പരിപാടിയുടെ മോഡറേറ്ററായിരുന്നു.