അസാധുനോട്ടുകള്‍ 5000 രൂപയില്‍ കൂടുതല്‍ നിക്ഷേപം ഒരിക്കല്‍ മാത്രം

0
763

 

ന്യൂഡല്‍ഹി: അസാധുവായ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് കടുത്ത നിയന്ത്രണവുമായി കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ 30 വരെയുള്ള നിക്ഷേപങ്ങള്‍ക്കാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ തീരുമാനം അനുസരിച്ച് 5000 രൂപയില്‍ കൂടുതലുള്ള അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ഒരിക്കല്‍ മാത്രമേ അക്കൌണ്ടിലിടാനാകൂ.
നിലവില്‍ സ്വന്തം അക്കൌണ്ടില്‍ പണം നിക്ഷേപിക്കുന്നതിന് പരിധി ഏര്‍പ്പെടുത്തിയിരുന്നില്ല. പഴയ നോട്ടുകളടക്കം എത്ര രൂപ വേണമെങ്കിലും അക്കൌണ്ടിലിടാമായിരുന്നു. എന്നാല്‍ ബാങ്ക് അക്കൌണ്ടുകളില്‍ വ്യാപകമായി കള്ളപ്പണം നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 5000 രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കാനെത്തുന്നവര്‍ ഇത്രയും നാളും എന്തുകൊണ്ടാണ് നിക്ഷേപിക്കാതിരുന്നതെന്ന വിശദീകരണം നല്‍കേണ്ടിവരും. ഇത് തൃപ്തിപ്പെടുത്തുന്നതാണെങ്കില്‍ മാത്രമേ പണം അക്കൌണ്ടില്‍ നിക്ഷേപിക്കൂ.
കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ച അക്കൌണ്ടുകളില്‍ മാത്രമേ ഇത്തരത്തില്‍ പണം ഇടാനാകൂവെന്നും കേന്ദ്രധനകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംശയമുണ്ടെങ്കില്‍ ബാങ്ക് ജീവനക്കാള്‍ക്ക് നിക്ഷേപകരെ ചോദ്യം ചെയ്യാമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. സ്വകാര്യ-പൊതുമേഖല-സഹകരണ ബാങ്കുകള്‍ക്ക് പുതിയ ഉത്തരവ് ബാധകമായിരിക്കും. അതേ സമയം 5000 ത്തിന് താഴെയുള്ള തുകകള്‍ നിക്ഷേപിക്കുന്നതിന് തടസ്സമില്ല. പുതിയ നോട്ടുകള്‍ അക്കൌണ്ടില്‍ ഇടുന്നതിനും നിയന്ത്രണം ബാധകമല്ല.