കള്ളനോട്ടുകള്‍ തടയാന്‍ പ്ലാസ്റ്റിക് കറന്‍സി വരുന്നു

0
873
New Indian currency rupees
ന്യൂഡല്‍ഹി: പേപ്പര്‍ കറന്‍സിയില്‍നിന്ന് പ്ലാസ്റ്റിക് കറന്‍സിയിലേക്കുള്ള മാറ്റത്തിന്റെ പാതയില്‍ ഇന്ത്യ. കള്ളനോട്ടു പ്രചാരണം തടയുന്നതിനായി ഭാവിയില്‍ പ്ലാസ്റ്റിക് കറന്‍സികള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കാന്‍ ആരംഭിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി.
പേപ്പറിനു പകരം കറന്‍സി നിര്‍മാണത്തിനായി പ്ലാസ്റ്റിക്കോ പോളിമറോ ഉയോഗിക്കാനാണ് തീരുമാനമെന്ന് ഇതുമായി ബന്ധപ്പെട്ട് ലോക്‌സഭയിലുയര്‍ന്ന ചോദ്യത്തിനു എഴുതി തയാറാക്കി നല്‍കിയ മറുപടിയില്‍ കേന്ദ്ര ധനകാര്യവകുപ്പ് സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ വ്യക്തമാക്കി. മാത്രമല്ല, നോട്ടുനിര്‍മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കാന്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് പേപ്പര്‍ കറന്‍സികള്‍ക്കു പകരം പ്ലാസ്റ്റിക് കറന്‍സികള്‍ അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഏറെ നാളായി ശ്രമിച്ചുവരികയാണ്. ഇതുമായി ബന്ധപ്പെട്ട് ചില പരീക്ഷണങ്ങളും ആര്‍ബിഐ സംഘടിപ്പിച്ചിരുന്നു. പത്തു രൂപയുടെ ഒരു ബില്യന്‍ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്തെ തിരഞ്ഞെടുത്ത അഞ്ചു നഗരങ്ങളില്‍ വിതരണം ചെയ്യുമെന്ന് 2014 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ഭൂമിശാസ്ത്രപരവും കാലാവസ്ഥാപരവുമായ മാറ്റങ്ങള്‍ ഈ നോട്ടുകളെ എങ്ങനെ ബാധിക്കുമെന്ന് അറിയാനായിരുന്നു ഇത്. കൊച്ചി, മൈസൂരു, ജയ്പൂര്‍, ഷിംല, ഭുവനേശ്വര്‍ എന്നീ നഗരങ്ങളെയാണ് അന്ന് പരീക്ഷണത്തിന് തിരഞ്ഞെടുത്തത്.
ഒരു പ്ലാസ്റ്റിക് നോട്ടിന് ശരാശരി അഞ്ചു വര്‍ഷമാണ് ആയുസ് കണക്കാക്കുന്നത്. മാത്രമല്ല, ഇത്തരം നോട്ടുകളെ അനുകരിച്ച് കള്ളനോട്ടുകള്‍ അടിക്കാനും ബുദ്ധിമുട്ടാണ്. പ്ലാസ്റ്റിക് കറന്‍സികള്‍ പേപ്പര്‍ കറന്‍സികളെ അപേക്ഷിച്ച് കൂടുതല്‍ വൃത്തിയുള്ളതാണെന്ന പ്രത്യേകതയുമുണ്ട്. കള്ളനോട്ട് വ്യാപനത്തിന് തടയിടുക എന്ന ഉദ്ദേശത്തോടെ ഓസ്‌ട്രേലിയയാണ് ഇത്തരം നോട്ടുകള്‍ ആദ്യമായി പരീക്ഷിച്ചത്.
2015 ഡിസംബറില്‍ സുരക്ഷാ രേഖ (സെക്യൂരിറ്റി ത്രെഡ്) കൂടാതെ അടിച്ചിറക്കിയ ചില 1000 രൂപാ നോട്ടുകള്‍ ലഭിച്ചതായി റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നുവെന്ന് മറ്റൊരു ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ മേഘ്്വാള്‍ വ്യക്തമാക്കി. ആര്‍ബിഐയ്ക്ക് കീഴിലുള്ള നാസിക്കിലെ കറന്‍സി നോട്ട് പ്രസ്സില്‍ (സിഎന്‍പി) അടിച്ച നോട്ടുകളായിരുന്നു ഇവ. തുടര്‍ന്ന് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വീഴ്ച വരുത്തിയവര്‍ക്ക് വകുപ്പ് നിയമമനുസരിച്ചുള്ള പിഴയും ശിക്ഷയും നല്‍കിയിരുന്നു. ഇത്തരം വീഴ്ചകള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട നടപടികള്‍ അന്നുതന്നെ കൈക്കൊണ്ടിരുന്നുവെന്നും മേഘ്‌വാള്‍ അറിയിച്ചു.