നാടിനെ ഊട്ടിയ ഡീലക്‌സ് അലവിക്ക ഇനി ഓര്‍മ

  0
  1303

  വടകര: താഴെഅങ്ങാടിക്കാരെ ആറരപതിറ്റാണ്ട് ഊട്ടിയ ഡീലക്‌സ് അലവിക്ക ഇനി ഓര്‍മ. ഒരു പ്രദേശത്തുകാരുടെ ഹൃദയത്തില്‍ ഇടം നേടിയ ഹോട്ടല്‍വ്യാപാരി എന്ന വിശേഷണം ചാര്‍ത്തിക്കിട്ടിയ അലവിക്കയുടെ വിയോഗം നാടിനു നീറ്റലായി
  അലവിയുടെ ഡീലക്‌സ് ഹോട്ടല്‍ താഴെഅങ്ങാടിയുടെ ഹൃദയമായ കോതിബസാറിന്റെ അടയാളമുദ്രകളിലൊന്നായിരുന്നു. കേവലം ഒരു ഹോട്ടല്‍ നടത്തിപ്പുകാരന്‍ എന്നതില്‍ നിന്നും വ്യത്യസ്തമായി നാട്ടുകാരുടെ പ്രിയപ്പെട്ടവനായി അലവിക്ക മാറിയത് അദ്ദേഹത്തിന്റെ അര്‍പ്പണ മനോഭാവം ഒന്നു കൊണ്ട് മാത്രം.
  അര്‍ധരാത്രിയില്‍ വടകര നഗരം ഗാഢനിദ്രയില്‍ അമരുമ്പോള്‍ താഴെഅങ്ങാടി കോതി ബസാറില്‍ ചൂടുള്ള പൊറോട്ടയും മീന്‍ കറിയും റെഡിയായിരുന്നു. വിശക്കുന്നവന്റെ അലച്ചല്‍ മനസിലാക്കി നേരം നോക്കാതെ ഹോട്ടല്‍ സദാ സജീവമായിരിക്കും. പ്രായവും നേരവും നോക്കാതെ അലവി തന്നെ മുന്നിലുണ്ടാവും. മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികളായിരുന്നു അര്‍ധരാത്രിയിലെ പ്രധാന ഇടപാടുകാര്‍. ഹര്‍ത്താലും പണിമുടക്കും താഴെ അങ്ങാടിയില്‍ പൊതുവേ ബാധിക്കാറില്ല. അത്തരം ദിവസങ്ങളില്‍ പൊടിപാറുന്ന കച്ചവടമായിരുന്നു ഡീലക്‌സ് ഹോട്ടലില്‍. മറ്റു പ്രദേശങ്ങളില്‍ നിന്നു ചായക്കും ഊണിനുമായി ഹര്‍ത്താല്‍ ദിവസങ്ങളില്‍ അലവിക്കയുടെ ഹോട്ടലിലേക്ക് ആളുകളുടെ തിരക്കായിരുന്നു. കാലിച്ചാക്ക് കച്ചവടവും കൊപ്രവ്യാപാരവും ഒരു കാലത്ത് താഴെഅങ്ങാടിയില്‍ സജീവമായിരുന്നു. ആ കാലത്ത് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ ഭക്ഷണത്തിനായി ആശ്രയിച്ചതും ഡീലക്‌സ് ഹോട്ടലിനെ തന്നെ. രാവിലെ സുബഹി നമസ്‌കാരത്തിന് ശേഷം ഡീലക്‌സിലെ അല്‍സയെന്നത് പലരുടെ ശീലമായിരുന്നു.
  സമീപത്തെ എംയുഎം സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പതിവു പറ്റു കേന്ദ്രമായിരുന്നു അലവിയുടെ ഹോട്ടല്‍. നേരമ്പോക്കിന് ഡീലക്‌സില്‍ പോയി ഒരു ചായയെന്നത് പലരുടെയും ശീലമായിരുന്നു. കല്യാണം, വീട് വില്‍പന, പ്രശ്‌നങ്ങളുടെ മധ്യസ്ഥത തുടങ്ങി പ്രദേശത്തെ പല കാര്യങ്ങളും ചര്‍ച്ച ചെയ്യാനായി നാട്ടുമൂപ്പന്‍മാരും മറ്റും ഒരുമിക്കുന്ന കേന്ദ്രം കൂടിയായിരുന്നു ഹോട്ടല്‍ ഡീലക്‌സ്. ഏവരേയും അലവിക്ക് സ്വാഗതം ചെയ്തു.
  അതിരാവിലെ തന്നെ ഡീലക്‌സ് ഹോട്ടലിന്റെ ഷട്ടര്‍ ഉയര്‍ന്നിരുന്നു. പലപ്പോഴും പാതിരാവിലാണ് കച്ചവടം അവസാനിക്കുക. ഒരുദിവസം ഏകദേശം 22 മണിക്കൂറോളം ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നറിയുമ്പോഴാണ് അലവി നടത്തിയത് ഒരു ‘സാധാരണ’ ഹോട്ടലല്ലെന്ന് മനസ്സിലാവുക. പ്രായത്തിന്റെ വയ്യായ്കയില്‍ ഒന്നര വര്‍ഷം മുമ്പ് ഹോട്ടല്‍ വ്യാപാരം നിര്‍ത്തുന്നത് വരെ ജനകീയത മുഖമുദ്രയാക്കി ഡീലക്‌സ് പ്രവര്‍ത്തിച്ചു. വേറിട്ട വഴിയില്‍ ഹോട്ടല്‍ വ്യവസായം നടത്തിയ അലവിക്കയെ 2014 ല്‍ നാട്ടുകാര്‍ ആദരിക്കുകയുമുണ്ടായി.