റവന്യൂ ജില്ലാ ശാസ്‌ത്രോത്സവം മടപ്പള്ളിയില്‍ നാളെ തുടങ്ങും

0
618

വടകര: കേരള സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര- പ്രവൃത്തി പരിചയ-ഐടി മേള 12 മുതല്‍ 17 വരെ മടപ്പള്ളി ജിവിഎച്ച്എസ്എസില്‍ നടക്കുമെന്ന്് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പതിനയ്യായിരം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന മേളക്കായി വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ഭാരവാഹികള്‍ പറഞ്ഞു. മത്സരാര്‍ഥികളുടെ രജിസ്‌ട്രേഷന്‍ നാളെ 10 മണിന് ആരംഭിക്കും. ഐടി മേളയുടെ രജിസ്‌ട്രേഷന്‍ അതാത് ദിവസങ്ങളില്‍ നടക്കും. 12 ന് സാമൂഹിക ശാസ്ത്ര മേളയുടെ ഭാഗമായ പ്രാദേശിക ചരിത്ര രചന, അറ്റ്‌ലസ് നിര്‍മാണം (എച്ച്എസ്, ഹയര്‍സെക്കന്ററി വിഭാഗം), പ്രസംഗം (യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗം എന്നിവ നടക്കും).
14 ന് സയന്‍സ്‌മേളയുടെ എച്ച്എസ്-യുപി വിഭാഗം മത്സരങ്ങളും ഗണിത ശാസ്ത്രമേളയുടെ യുപി-എച്ച്എസ്എസ് മത്സരങ്ങളും ഐടി മേളയുടെ പ്രൊജക്റ്റ് മലയാളം ടൈപ്പിംഗ് വെബ് പേജ് ഡിസൈനിംഗ് മത്സരങ്ങളും നടക്കും.
15 ന് എച്ച്എസ്എസ് വിഭാഗത്തില്‍ വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍, ഇപ്രൂവൈസ്ഡ് എക്‌സിപിരിമെന്റ്, റിസര്‍ച്ച് ടൈപ്പ് പ്രൊജക്റ്റ്, എല്‍പി വിഭാഗത്തില്‍ കലക്ഷന്‍, ചാര്‍ട്‌സ്, സിമ്പിള്‍ എക്‌സിപിരിമെന്റ്, പ്രൈമറി, എച്ച്.എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ ടീച്ചിംഗ് എയ്ഡ് മത്സരങ്ങളും നടക്കും.
ഐടി മേളയുടെ ഭാഗമായ ഐടി ക്വിസ്, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങള്‍ക്കായുള്ള മള്‍ട്ടി മീഡിയ പ്രസന്റേഷന്‍, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ മലയാളം ടൈപ്പിംഗ് എന്നിവ നടക്കും.
16 ന് സയന്‍സ് മേളയുടെ ഭാഗമായി യുപി , എച്ച്എസ്, എച്ച്എസ്എസ് വിഭാഗം ക്വിസ് മത്സരങ്ങളും എച്ച്എസ് വിഭാഗം ടാലന്റ് സെര്‍ച്ച് എക്‌സാമും പ്രശ്‌നോത്തരിയും മടപ്പള്ളി ഗേള്‍സ് എച്ച്എസ്എസില്‍ നടക്കും. സോഷ്യല്‍ സയന്‍സ് മേളയുടെ എല്‍പി വിഭാഗം മോഡല്‍ കലക്ഷന്‍ ചാര്‍ട്ട്, യുപി വിഭാഗത്തില്‍ വര്‍ക്കിംഗ് മോഡല്‍, സ്റ്റില്‍ മോഡല്‍, എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ ടീച്ചിംഗ് എയ്ഡ് മത്സരവും പ്രവൃത്തി പരിചയ മേളയുടെ ഭാഗമായി എല്‍പി, യുപി വിഭാഗം മത്സരങ്ങളും നടക്കും. 17 ന് ഗണിതശാസ്ത്ര മേളയുടെ ഭാഗമായി സെമിനാറും പേപ്പര്‍ പ്രസന്റേഷനും സോഷ്യല്‍ സയന്‍സ് മേളയുടെ എച്ച്എസ്, എച്ച്എസ്എസ് വിഭാഗം പ്രാദേശിക ചരിത്ര രചനയുടെ ഇന്റര്‍വ്യൂ, സ്റ്റില്‍ മോഡല്‍, വര്‍ക്കിംഗ് മോഡല്‍ എന്നിവയും എല്‍പി, യുപി, എച്ച്എസ്, എച്ച്എസ്എസ് ക്വിസ് മത്സരങ്ങളും നടക്കും.
മത്സര വിജയികള്‍ക്ക് ഓരോ ദിവസവും സമ്മാനങ്ങള്‍ വിതരണം ചെയ്യും. ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം 14 ന് രാവിലെ 10 മണിക്ക് സി.കെ നാണു എംഎല്‍എ നിര്‍വഹിക്കും. സമാപനം 17 ന് വൈകീട്ട് നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഡിഇഒ ഇ.കെ. സുരേഷ് കുമാര്‍, ചോമ്പാല്‍ എഇഒ ടി.പി.സുരേഷ് ബാബു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ദിനേശ് കരുവാങ്കണ്ടി, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ കെ.പി.ഫൈസല്‍, പ്രധാനാധ്യാപകന്‍ വി.പി.പ്രഭാകരന്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ വി.വിജീഷ് എന്നിവര്‍ പങ്കെടുത്തു.