ഗസല്‍ വഴിയേ തങ്ങള്‍

  0
  1152

   

  ഗസല്‍ എന്ന ഗാനശാഖയുടെ അവാച്യമായ സൗന്ദര്യം ഹൃദയത്തില്‍ താലോലിക്കുകയാണ് വടകര താഴെ അങ്ങാടി മുസ്ല്യാരവിട ചെറിയ കുഞ്ഞിക്കോയ തങ്ങള്‍ എന്ന എം.സി.കെ. തങ്ങള്‍. പ്രണയത്തിന്റെ മന്ദസ്മിതം തൂകുന്ന വരികള്‍ കോറിയിട്ട് അനുവാചകരെ രസിപ്പിക്കുമ്പോഴും നാട്യമോ ഗമയോ ഇല്ലാതെ കലയോടുള്ള അഭിനിവേശവുമായാണ് തങ്ങളുടെ പ്രയാണം.
  ആരാണ് എം.സി.കെ. തങ്ങള്‍ എന്നു ചോദിച്ചാല്‍ ഗസല്‍ രചയിതാവ്, ഹാര്‍മോണിസ്റ്റ് എന്നിങ്ങനെ അടയാളപ്പെടുത്താം. വടകര മെയിന്‍ റോഡില്‍ മുനിസിപ്പല്‍ ലൈബ്രറിക്കു പിറകിലെ ബിസ്മി വാച്ച് വര്‍ക്ക്സില്‍ ചെന്നാല്‍ ഘടികാര സൂചികളും യന്ത്രങ്ങളും ലെന്‍സ് വെച്ച് സൂക്ഷ്മമായി നോക്കുന്ന എം.സി.കെ. തങ്ങളെ കാണാം. ഗൗരവക്കാരന്റെ മേലങ്കിയുമായാണ് ഇരിപ്പെങ്കിലും ഗസലിനെ കുറിച്ചും മാപ്പിളപ്പാട്ടിനെ കുറിച്ചും മിണ്ടിയാല്‍ പിന്നീട് ഈ വാച്ച് റിപ്പയറര്‍ക്ക് ഇരിക്കപ്പൊറുതിയുണ്ടാവില്ല.
  പ്രായം അമ്പത്തിരണ്ടില്‍ എത്തിയെങ്കിലും പതിറ്റാണ്ടുകള്‍ക്കു മുമ്പത്തെ ഗസല്‍ കമ്പം ഇപ്പോഴും കെടാതെയുണ്ട്. പാട്ട് രചിക്കുക മാത്രമല്ല സംഗീതമേളക്കൊഴുപ്പിന് ഹാര്‍മോണിയം വായിക്കുകയും ചെയ്യുന്നു. ഏതെങ്കിലും വീടിന്റെ തട്ടിന്‍പുറത്തോ ക്ലബിലോ ഒക്കെയാവും മേളം തീര്‍ക്കല്‍. ഒന്നോ രണ്ടോ മൂന്നോ മണിക്കൂര്‍ നീളുന്ന മെഹ്ഫില്‍ ശ്രോതാക്കളെയും പക്കമേളക്കാരേയും ഒരുപോലെ കോരിത്തരിപ്പിക്കുന്നു.
  വലിയ തോതിലുള്ള സംഗീത ബഹളമൊന്നുമില്ല. ഗസലിനോടും മാപ്പിളപ്പാട്ടിനോടും അഭിനിവേശമുള്ളവരുടെ ഒത്തുചേരല്‍. എല്ലാവരേയും വിളിച്ച് അവധി ദിവസങ്ങളില്‍ ഏതെങ്കിലും കേന്ദ്രത്തില്‍ ഒത്തുകൂടുകയാണ് രീതി. ഇതിനു മുന്‍കൈ എടുക്കുന്ന എം.സി.കെ തങ്ങള്‍ തെന്നയാണ് ഹാര്‍മോണിയം വായിക്കുകയും ചെയ്യുക. രാമകൃഷ്ണനും രോഷനും ശുക്കൂറും എ.എം. ഉമ്മര്‍കുട്ടിയും പലപ്പോഴായി തബല കൈകാര്യം ചെയ്യാനെത്തും. റഹീം, അലീം, സെയ്ത് തങ്ങള്‍ എന്നിവരാണ് ഗായകര്‍. മെഹ്ദി ഹസന്റേത് മുതല്‍ എം.സി.കെ.തങ്ങള്‍ വരെയുള്ളവരുടെ പാട്ടുകള്‍ അന്തരീക്ഷത്തില്‍ അലയടിക്കും. പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍ എം കുഞ്ഞിമൂസയും മെഹ്ഫിലിനെ സമ്പന്നമാക്കും.
  ഇവിടെയൊക്കെ എം.സി.കെ.തങ്ങളുടെ റോള്‍ കൃത്യമായിരിക്കും. ഗസല്‍ നെഞ്ചേറ്റിക്കൊണ്ട് താത്പര്യമുള്ളവരും ഈ രംഗത്ത് ശോഭിക്കുന്നവരുമായവരെ തങ്ങള്‍ വിളിച്ചുവരുത്തും. പിന്നീടൊരു ഗസല്‍ മേള പ്രപഞ്ചമായിരിക്കും.
  ഇരുനൂറോളം ഗസലും മാപ്പിളപ്പാട്ടുകളും എം.സി.കെ.തങ്ങള്‍ രചിച്ചിട്ടുണ്ട്. സുപ്രസിദ്ധ ഗായകരായ അഫ്സല്‍, കണ്ണൂര്‍ ഷരീഫ്, താജുദ്ദീന്‍, സരിത റഹ്മാന്‍, സിന്‍സി, ഗഫൂര്‍ എന്നിവരും പരേതരായ ലിയാഖത്തും മുജാഹിദും എം.സി.കെ.തങ്ങളുടെ വരികള്‍ക്ക് ശബ്ദംപകര്‍ന്നു. ഗസല്‍ സ്‌റ്റൈലുള്ള മാപ്പിളപ്പാട്ടുകള്‍ രചിക്കാന്‍ എം.സി.കെ.തങ്ങള്‍ക്ക് പ്രത്യേക സിദ്ധിയാണ്. ഗസലിന്റെ വിളഭൂമിയായ ഉറുദു ഭാഷ പഠിച്ചില്ലെങ്കിലും ഉറുദുവിലെ കുറേ വാക്കുകള്‍ അറിയാവുന്നതിനാല്‍ അവയും മലയാളവും ചേര്‍ത്ത് ഒരു പിടുത്തമാണ്. ഇതിലൂടെ വരുന്ന വരികള്‍ക്ക് തങ്ങള്‍ തന്നെ കംപോസ് ചെയ്യുമ്പോള്‍ നല്ലൊരു സൃഷ്ടിയായി അതു മാറുന്നു.
  ഏഷ്യാനെറ്റിലെ മൈലാഞ്ചി പോലെയുള്ള റിയാലിറ്റി ഷോകളിലും സ്‌കൂള്‍ കലോത്സവങ്ങളിലും തങ്ങളുടെ വരികള്‍ ഇടംപിടിച്ചു. ഇപ്പോഴും പല യുവപ്രതിഭകളും തങ്ങളെ തേടി എത്തുന്നു. ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനും മടിക്കാറില്ല. ഒട്ടേറെ പാട്ടുകള്‍ പിറന്നുവെങ്കിലും ശുദ്ധമായ ഗസലും മാപ്പിളപ്പാട്ടും ഇനിയും പുറത്തിറങ്ങിയിട്ടില്ലെന്ന പക്ഷക്കാരനാണ് തങ്ങള്‍. ഈ രൂപത്തിലുള്ളവ അണിയറയിലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
  കലാരൂപമെന്ന നിലയില്‍ ഗസലിനെയും മാപ്പിളപ്പാട്ടിനെയും സ്നേഹിക്കുമ്പോഴും വാച്ച് റിപ്പയറിംഗ് എന്ന തൊഴിലിനെ പിന്നോട്ട് നിര്‍ത്താന്‍ എം. സി.കെ.തങ്ങള്‍ തയാറല്ല. കാലത്തിന്റെ സ്പന്ദനം നിലച്ചുപോയ ഘടികാരങ്ങളില്‍ വിരലുകള്‍ തൊടുമ്പോള്‍ ഗസലിന് താളമിടുകയാണെന്ന് തോന്നിപ്പോകും. നിരവധി പുരാവസ്തുക്കളുടെയും നാണയങ്ങളുടെയും സമൃദ്ധമായ ശേഖരവും ഇദ്ദേഹത്തിനുണ്ട്. ഇവയിലൂടെ ജീവിതത്തിനു വ്യത്യസ്ത പകരുകയാണ് എം.സി.കെ.തങ്ങള്‍. ഭാര്യ റയ്ഹാനത്തിനും മക്കളായ നയീം, നദീര്‍, നസീഹത്ത്, ആദിറ എന്നിവര്‍ക്കും ഗസലിനോട് കമ്പംതെന്നയാണ്. ഗസലിന്റെ ലളിതമായ താളലയവും ആറ്റിക്കുറുക്കിയുള്ള പദവിന്യാസവും ഏതൊരാസ്വാദകനേയും ആനന്ദിപ്പിക്കുന്നു