ഏകസിവില്‍കോഡ് വിവാദം അജണ്ടകള്‍ അട്ടിമറിക്കാന്‍: ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍

0
389

വടകര: ഏകസിവില്‍കോഡ് വിവാദം അസഹിഷ്ണുതയും വര്‍ഗീയതയും മുഖമുദ്രയാക്കിയ മോദി സര്‍ക്കാറിനെതിരെയുള്ള ജനരോഷം അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റന്റ് അമീര്‍ വി.ടി.അബ്ദുല്ലക്കോയ തങ്ങള്‍. കോട്ടപ്പറമ്പില്‍ നടന്ന ജമാഅത്തെ ഇസ്ലാമി ജില്ലാ സമ്മേളന പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഏകസിവില്‍കോഡ് നടപ്പിലാക്കുക എന്നത് ഭരണഘടന മാര്‍ഗനിര്‍ദ്ദേശക തത്വങ്ങളില്‍ ഒന്ന് മാത്രമാണ്. മദ്യ നിരോധം പോലുള്ള കാലിക പ്രസക്തമായ വിഷയങ്ങളും ഈ നിര്‍ദ്ദേശങ്ങളില്‍ ഉണ്ടായിരിക്കെ ഏകസിവില്‍ കോഡും മുത്തലാക്കും മുഖ്യ ചര്‍ച്ചയായി കൊണ്ടുവരുന്നതിലൂടെ മത ന്യൂനപക്ഷങ്ങളില്‍ ഭീതിയും രാജ്യത്ത് വര്‍ഗീയതയും ആളിക്കത്തിക്കാനാണ് മോദി സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ഗീയതയെ തടഞ്ഞു നിര്‍ത്താനുള്ള ഏക പോംവഴി മതത്തിന്റെ ആദിമ വിശുദ്ധി ഉള്‍ക്കൊള്ളലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് വി.പി ബഷീര്‍ അധ്യക്ഷത വഹിച്ചു. മാധ്യമം മീഡിയവണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി.
എം.സി സുബ്ഹാന്‍ ബാബു, കെ.ടി.നസീമ, കെ.സി.അന്‍വര്‍, നഈം ഗഫൂര്‍, എ.ശരീഫ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ഫൈസല്‍ പൈങ്ങോട്ടായി സ്വാഗതവും യു.മൊയ്തു നന്ദിയും പറഞ്ഞു.