നീലക്കുറിഞ്ഞി കാണാം നീലഗിരിയില്‍

0
1890

ഊട്ടി: നീലഗിരിമലനിരകള്‍ക്ക് ഇപ്പോള്‍ വല്ലാത്ത സൗന്ദര്യമാണ്. പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ പൂക്കുന്ന നീലക്കുറിഞ്ഞി വീണ്ടും പൂവണിഞ്ഞിരിക്കുന്നു. ഒരേസമയമാണ് ചെടികളെല്ലാം പൂത്തിരിക്കുന്നത്. അതിനാല്‍ പ്രദേശം മുഴുവന്‍ നീലമയം. ഇക്കാരണത്താലാണത്രെ ‘നീലഗിരി’യെന്ന് പേരുവന്നത്.
ഊട്ടിയില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ മുള്ളിക്കൂര്‍ എന്ന വനത്തോടുചേര്‍ന്ന പ്രദേശത്താണ് ഇപ്പോള്‍ നീലക്കുറിഞ്ഞി പൂത്തത്.
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് നീലക്കുറിഞ്ഞി സാധാരണ പൂക്കുക. ഈവര്‍ഷം മഴ കുറഞ്ഞതും കാലാവസ്ഥയില്‍വന്ന വ്യതിയാനവുമാണ് നീലക്കുറിഞ്ഞി ഇപ്പോള്‍ പൂക്കാന്‍ കാരണമായി ഗവേഷകര്‍ പറയുന്നത്
പശ്ചിമഘട്ടത്തിലെ മലകളില്‍ 1500 മീറ്ററിനു മുകളില്‍ ചോലവനങ്ങള്‍ ഇടകലര്‍ന്ന neelakurinjiപുല്‍മേടുകളില്‍ കാണപ്പെടുന്ന കുറ്റിച്ചെടിയാണ് നീലക്കുറിഞ്ഞി. 2006 കാലയളവിലാണ് ഇവ അവസാനമായി പുഷ്പിച്ചത്. ഒറ്റയ്ക്കു കണ്ടാല്‍ ഒരു പ്രത്യേകതയുമില്ലാത്ത പൂവാണ് കുറിഞ്ഞി. സീസണില്‍ ഇവ ഒരു പ്രദേശത്ത് വ്യാപകമായി പൂത്തു നില്‍ക്കുന്നത് ഹൃദയാവര്‍ജകമായ കാഴ്ചയാണ്. ഹിമാലയത്തിലെ പൂക്കളുടെ താഴ്‌വരയെ അനുസ്മരിപ്പിക്കുന്നതാണ് ഈ കാഴ്ച. പൂത്ത് പത്തു മാസം കഴിയുമ്പോഴാണ് ഇവയുടെ വിത്ത് പാകമാകുന്നത്.
12 വര്‍ഷത്തിലൊരിക്കല്‍ നീലക്കുറിഞ്ഞി ഒരുമിച്ചു പൂക്കുന്നത് 1838ലാണ് കണ്ടുപിടിച്ചത്. മൂന്നു ജര്‍മന്‍ ശാസ്ത്രജ്ഞര്‍ അടങ്ങിയ ഒരു സംഘം ദശകങ്ങള്‍ക്കുമുമ്പ് കുറിഞ്ഞിയെപ്പറ്റി ഗൗരവമായ പഠനങ്ങള്‍ നടത്തിയിരുന്നു. പലതവണ മാറ്റിയ ശേഷമാണ് ശാസ്ത്രനാമം സ്‌ട്രോബിലാന്തസ് കുന്തിയാന (tSrobilanthes kunthiana) എന്നു നിശ്ചയിച്ചത്. ജര്‍മന്‍ സംഘാംഗമായിരുന്ന കുന്തിന്റെ(Kunth) പേരില്‍ നിന്നാണ് കുന്തിയാന എന്ന പേരു വന്നത്.
നീലഗിരി യാത്രക്കാര്‍ക്ക് ഇപ്പോള്‍ നീലക്കുറിഞ്ഞി സൗന്ദര്യ കാഴ്ചയാണ് പകര്‍ന്നു നല്‍കുന്നത്.