ഒഴുകി നടക്കാം മയ്യഴിപുഴയിലൂടെ

0
1734

എം.മുകുന്ദന്റെ മയ്യഴി ഇന്ന് ലോകമെങ്ങുമുള്ള മലയാള സാഹിത്യ ആസ്വാദകര്‍ക്ക് ഏറ്റവും കാല്പനികമായ ഒരു ഇടമാണ്. അതുകൊണ്ടുതന്നെയാണ് ജീവിതത്തില്‍ ഒരിക്കലെങ്കിലും മയ്യഴിയിലേക്കൊരു യാത്ര പോകണമെന്ന് ഏവരും ആഗ്രഹിക്കുന്നതും. മുകുന്ദന്റെ തൂലികയിലൂടെ മലയാളിയുടെ മനസില്‍ ഗൃഹാതുരത്വം വിതറിയ മാഹി (മയ്യഴി) എന്ന പഴയ ഫ്രഞ്ച് കോളനി രാജ്യത്തെ ശ്രദ്ധേയമായ ടുറിസ്റ്റ് കേന്ദ്രമായി വളരുകയാണ്. കാല്‍പനികതക്കൊപ്പം ലഹരിയുടെ ചേരുവയും മയ്യഴിക്കൊപ്പം 86_bigവരുന്നത് മറ്റൊരു വസ്തുത.
മയ്യഴിപ്പുഴയുടെ കനിവില്‍ ലഭിച്ച പ്രകൃതി സൗന്ദര്യത്തിന് പുറമെ ഫ്രഞ്ച് ഭരണത്തിന്റെ സാംസ്‌കാരിക ഭൗതിക ശേഷിപ്പുകളും ചരിത്രപരമായ പ്രത്യേകതകളും മയ്യഴിയിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ഏകദേശം ഒമ്പതു ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള മാഹി എന്ന കൊച്ചു പട്ടണം കോഴിക്കോട് ജില്ലയിലെ വടകരയ്ക്കും കണ്ണൂര്‍ ജില്ലയിലെ തലശേരിക്കും ഇടയിലാണ് സ്ഥിതി ചെയുന്നത്. കോഴിക്കോടുനിന്ന് 58 കിലോമീറ്റര്‍ അകലെയാണ് മാഹി. അതേസമയം, മാഹി ഉള്‍പ്പെടുന്ന പോണ്ടിച്ചേരി സംസ്ഥാനത്തേക്ക് ഇവിടെ നിന്ന് 630 കിലോമീറ്റര്‍ ദൂരമുണ്ട്.
ഫ്രഞ്ച് ഭരണത്തിന് എതിരെ നിലനിന്ന ചരിത്രമുണ്ട് മയ്യഴിക്ക് പറയാന്‍. ഇതിന്റെ സ്മരണാര്‍ത്ഥം തയ്യാറാക്കിയ രബീന്ദ്രനാഥ ടാഗോര്‍ പാര്‍ക്കാണ് മാഹിയിലെ പ്രധാന ടുറിസ്റ്റ് ആകര്‍ഷണം. മയ്യഴിപുഴയും ബോട്ടിങ്ങും അവിടെ നിന്ന് കാണാനാകുന്ന അപൂര്‍വസുന്ദരമായ സൂര്യാസ്തമയവുമൊക്കെ സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവങ്ങളാകുന്നു. മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ സഞ്ചാരികള്‍ക്ക് ബോട്ട് സവാരി നടത്താന്‍ അവസരമുണ്ട്.
മയ്യഴി തീരത്തെ വിളക്ക് മരവും ഫ്രഞ്ച് കോട്ടയുടെ അവശിഷ്ടങ്ങളും സഞ്ചാരികളുടെ മനസ് കുളിര്‍പ്പിക്കും. സെന്റ് തെരേസ പള്ളി, പുഴക്കല്‍ ജുമാ മസ്ജിദ്, ശ്രീകൃഷ്ണ ക്ഷേത്രം, ശ്രീനാരായണ മഠം, കോട്ട തുടങ്ങിയവയാണ് ഇവിടുത്തെ മറ്റ് ആകര്‍ഷണങ്ങള്‍.
എന്‍.എച്ച് 17 ന്റെ ഓരത്ത് കിടക്കുന്ന മാഹിയിലേക്ക് ദൂരെ ദിക്കില്‍ നിന്നും സദാ ആളുകള്‍ എത്തുന്നു. കോഴിക്കോട് ജില്ലയിലെ അഴിയൂരിലാണ് മാഹി റെയില്‍വെ സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഇറങ്ങി ഒരു ഫര്‍ലോംഗ് നടന്നാല്‍ മാഹി ആയി.