ചരിത്രം ഉറങ്ങുന്ന കാപ്പാട്

0
970

ചരിത്രപ്രാധാന്യം നിലനില്‍ക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നാണ് കാപ്പാട്. പോര്‍ച്ചുഗീസ് കപ്പിത്താനായ വാസ്‌കോഡഗാമ 1498ല്‍ കപ്പലിറങ്ങിയ സ്ഥലമെന്ന നിലയില്‍ പേരുകേട്ട കാപ്പാട് പതുക്കെ പതുക്കെ നല്ലൊരു വിനോദസഞ്ചാര കേന്ദ്രവുമായി. മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഇല്ലാത്ത സവിശേഷതയാണ് കാപ്പാടിനുള്ളത്.
ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കടല്‍ത്തീരവും പാറക്കെട്ടുകളുംകൊണ്ട് സമ്പന്നമാണ് കാപ്പാട്. വാസ്‌കോഡ ഗാമ കപ്പല്‍ ഇറങ്ങിയതിന്റെ ഓര്‍മക്കായി സമീപകാലത്തുണ്ടാക്കിയ ചെറിയ സ്മാരകം ഇവിടെ ഉണ്ട്. ‘വാസ്‌കോ ഡ ഗാമ ഇവിടെ 1498 ല്‍ കപ്പല്‍ ഇറങ്ങി’ എന്ന് ഈ സ്മാരകത്തില്‍ എഴുതിയിരിക്കുന്നു. ഗാമയുടെ യാത്ര യൂറോപ്യന്മാര്‍ക്ക് മലബാര്‍ തീരത്തേക്ക് സമുദ്രമാര്‍ഗം നല്‍കി. ഇന്ത്യയിലെ 450 വര്‍ഷത്തോളം നീണ്ട യൂറോപ്യന്‍ അധിനിവേശത്തിനും ഇത് കാരണമായി. ഗാമ കപ്പല്‍ ഇറങ്ങുമ്പോള്‍ കോഴിക്കോട് ഭരിച്ചിരുന്നത് ശക്തരായ സാമൂതിരിമാര്‍ ആയിരുന്നു. മലബാര്‍ അന്ന് സുഗന്ധവ്യഞ്ജനങ്ങള്‍, കാലിക്കോ പട്ടുതുണികള്‍ എന്നിവയ്ക്ക് പ്രശസ്തമായിരുന്നു. ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങളും സമ്പത്തുമായിരുന്നു പുരാതനകാലം മുതല്‍ക്കേ തന്നെ അറബികള്‍, ഫിനീഷ്യര്‍, ഗ്രീക്കുകാര്‍, റോമാക്കാര്‍, പില്‍ക്കാലത്ത് പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, ഇംഗ്ലീഷുകാര്‍, ഫ്രഞ്ചുകാര്‍ തുടങ്ങിയവരെ ഇങ്ങോട്ട് ആകര്‍ഷിച്ചത്.
ദിനം പ്രതി നൂറുകണക്കിനാളുകള്‍ സന്ദര്‍ശിക്കുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് ഇന്നു കാപ്പാട്. മലബാറിലെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകള്‍ അവരുടെ സന്ദര്‍ശന പട്ടികയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി കാപ്പാടിനെ പരിഗണിക്കുന്നു. തദ്ദേശീയരും സമീപ പ്രദേശങ്ങളിലുള്ളവരും വൈകുന്നേരങ്ങളിലെ ഒരു വിശ്രമകേന്ദ്രമായി കാപ്പാടിനെ കണക്കാക്കുന്നു. സഞ്ചാരികളെ ആകര്‍ഷിക്കാന്‍ തക്ക സുന്ദരവും വിസ്തൃതവുമായ കടല്‍ത്തീരം കൊണ്ട് അനുഗൃഹീതമാണ് കാപ്പാട്.
തെക്കുഭാഗത്ത് കാറ്റാടി മരങ്ങള്‍ നിറഞ്ഞ കടല്‍ത്തീരം വിനോദ സഞ്ചാരികള്‍ക്ക് കടല്‍ക്കാറ്റേറ്റ് വിശ്രമിക്കാനുള്ള സൗകര്യം നല്‍കുന്നു. കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പണികഴിപ്പിച്ച ഒരു റിസോര്‍ട്ട് ബീച്ചിന്റെ തെക്കുവശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ചേരമാന്‍ റിസോര്‍ട്ട് എന്ന ഒരു സ്വകാര്യ റിസോര്‍ട്ടും പണി പൂര്‍ത്തിയായി വരുന്നുണ്ട്. ബീച്ചിന്റെ വടക്ക് പാറക്കെട്ടുകളും അതിനോട് ചേര്‍ന്നുള്ള ശ്രീകുറുംബ ക്ഷേത്രവും സന്ദര്‍ശകര്‍ക്ക് ഹൃദ്യമായ കാഴ്ചയാണ്. ഒറുപൊട്ടും കാവ് എന്നറിയപ്പെടുന്ന ഈ പുരാതന ക്ഷേത്രം തദ്ദേശീയരുടെ പ്രധാന ആരാധനാ കേന്ദ്രമാണ്
വൈകുന്നേരങ്ങളില്‍ പ്രത്യേകിച്ച് വാരന്ത്യങ്ങളില്‍ ബീച്ചില്‍ നല്ല തിരക്കനുഭവപ്പെടാറുണ്ട്. ഇപ്പോള്‍ സഞ്ചാരികളുടെ സുരക്ഷിതത്വത്തിനായി താല്‍ക്കാലിക പോലീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കേരള വിനോദസഞ്ചാരവികസന കോര്‍പ്പറേഷന്‍ നിര്‍മിച്ചതും കരാറടിസ്ഥാനത്തില്‍ സ്വകാര്യസ്ഥാപനമായി നടക്കുന്നതുമായ ഒരു ഹോട്ടല്‍ ഇവിടെയുണ്ട്.പക്ഷേ സ്വകാര്യ കമ്പനിക്ക് നടത്തിപ്പിനു കൊടുത്തതുകാരണം ടൂറിസ്റ്റുകളെ ചൂഷണം ചെയ്യുന്നു എന്ന പരാതിയുണ്ട്. കാപ്പാട് ബീച്ചില്‍ വിനോദസഞ്ചാരം വികസിക്കുന്നതിനോടു നാട്ടുകാര്‍ക്ക് വലിയ താത്പര്യമില്ല എന്ന് ആരോപണം കൂടി ചിലര്‍ ഉന്നയിക്കാറുണ്ട്. എന്നാല്‍ ടൂറിസത്തിന്റെ മറവില്‍ അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെ മാത്രമെ നാട്ടുകാര്‍ എതിര്‍ക്കുന്നുള്ളു എന്നതാണ് യാഥാര്‍ഥ്യം.
എത്തിച്ചേരാനുള്ള വഴി
ദേശീയപാതയില്‍ തിരുവങ്ങൂരില്‍ നിന്നു മൂന്നു കിലോമീറ്റര്‍ പടിഞ്ഞാറ് സഞ്ചരിച്ചാല്‍ കാപ്പാടെത്താം.
ഏറ്റവും അടുത്തുള്ള പ്രധാന റെയില്‍വേ സ്‌റ്റേഷന്‍: കൊയിലാണ്ടി (8 കിലോമീറ്റര്‍ അകലെ)
ഏറ്റവും അടുത്തുള്ള വിമാനത്താവളം: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് പട്ടണത്തില്‍ നിന്നും 23 കിലോമീറ്റര്‍ അകലെ.