മനസില്‍ ഇടം നേടുന്ന വയലട മല

0
1395

കോഴിക്കോട് ജില്ലയിലെ ബാലുശേരിയിലുണ്ട് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു മല. പനങ്ങാട് പഞ്ചായത്തിലെ ‘ഗവി’ എന്നറിയപ്പെടുന്ന വയലടമല ടൂറിസ്റ്റുകളുടെ മനസില്‍ ഇടംനേടിക്കഴിഞ്ഞു.
സമുദ്രനിരപ്പില്‍നിന്ന് 2000 അടിയോളം ഉയരത്തില്‍ കിടക്കുന്ന വയലടമല വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഭൂപ്രദേശമായി. വയലടമലയുടെ മുകളിലെത്തിയാല്‍ സമശീതോഷ്ണ കാലാവസ്ഥയാണ്. കോട്ടക്കുന്ന് ആദിവാസി കോളനിയും മുള്ളന്‍പാറയും ഈ മലമുകളിലാണ്.
മലമുകളില്‍നിന്ന് പെരുവണ്ണാമൂഴി റിസര്‍വോയറിന്റെയും സമീപപ്രദേശങ്ങളുടെയും ഭംഗി ആസ്വദിക്കാന്‍ കഴിയും. ഏറെനേരം ചെലവഴിക്കാന്‍ പറ്റുന്ന അന്തരീക്ഷമാണ് ഇവിടത്തേത്.
ബാലുശ്ശേരി ടൗണില്‍നിന്ന് ഏഴ് കിലോമീറ്ററോളം വടക്കാണ് മല സ്ഥിതിചെയ്യുന്നത്. ഒരു കെ.എസ്.ആര്‍.ടി.സി. ബസ് മാത്രമാണ് വയലടയിലേക്ക് സര്‍വീസ് നടത്തുന്നത്. വയലട എത്തിക്കഴിഞ്ഞാല്‍ ഒരു കിലോമീറ്റര്‍ ദൂരം നടന്നോ ജീപ്പിലോ യാത്ര ചെയ്യണം. വേനലാകുന്നതോടെ വയലടമലയില്‍ ടൂറിസ്റ്റുകള്‍ എത്തിത്തുടങ്ങും. ബാലുശ്ശേരി ടൂറിസം കോറിഡോര്‍ പദ്ധതിയില്‍ വയലടമലയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.