നുകരാം സൂചിപ്പാറയുടെ സൗന്ദര്യം

0
704

മഴക്കാലം തുടങ്ങുന്നതോടെ വയനാടിനെ അണിയിച്ചൊരുക്കി സുന്ദരിയാക്കുന്നതില്‍ പ്രധാനിയാണ് കല്‍പ്പറ്റയിലെ സൂചിപ്പാറ വെള്ളച്ചാട്ടം. വേനലില്‍ വറ്റി വരണ്ടാലും മഴക്കാലം തുടങ്ങുന്നതോടെ നിറഞ്ഞ് ആര്‍ത്തൊഴുകി യാത്രികരുടെ ഹൃദയം കീഴടക്കുന്ന മനോഹരമായ വെള്ളച്ചാട്ടം.
പേരു കേട്ട ഒരുപാട് വെള്ളച്ചാട്ടങ്ങള്‍ കൊണ്ട് പ്രസിദ്ധമാണ് വയനാട്. അക്കൂട്ടത്തില്‍ മീന്‍മുട്ടി വെള്ളച്ചാട്ടത്തോളം പ്രശസ്തമല്ലെങ്കിലും മഴക്കാലത്ത് സൂചിപ്പാറയുടെ സൗന്ദര്യം അനുപമമാണ്. വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലാണ് സൂചിപ്പാറ വെള്ളച്ചാട്ടം. സെന്റിനല്‍ പാറ വെള്ളച്ചാട്ടമെന്നും സൂചിപ്പാറ അറിയപ്പെടുന്നുണ്ട്. ഉയരത്തില്‍ നിന്നുള്ള നയനമനോഹരമായ വെള്ളച്ചാട്ടം തന്നെയാണ് സൂചിപ്പാറയുടെ സൗന്ദര്യം. പല സ്ഥലങ്ങളിലും 100 മുതല്‍ 300 അടി വരെ ഉയരത്തില്‍ നിന്നുമാണ് ജലപ്രവാഹം. താഴെ വെള്ളം വന്നു വീഴുന്ന ചെറിയ തടാകത്തില്‍ നീന്തുവാനും കുളിക്കുവാനും കഴിയും. മറ്റു വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് അപകടസാധ്യത കുറവാണെന്നുള്ളതും സൂചിപ്പാറയെ യാത്രികരുടെ പ്രിയപ്പെട്ട ഇടമായി മാറ്റുന്നുണ്ട്.
സൂചിപ്പാറയില്‍ വിനോദസഞ്ചാരികള്‍ക്കായി പ്രത്യേകം ഏറുമാടങ്ങളും നിര്‍മിച്ചിട്ടുണ്ട്. ഇവയില്‍ നിന്ന് പശ്ചിമഘട്ട മലനിരകളുടെയും താഴെയുള്ള അരുവിയുടെയും മനോഹര കാഴ്ചകള്‍ കാണാം. 200 മീറ്ററില്‍ അധികം ഉയരമുള്ള സൂചിപ്പാറ സാഹസിക മല കയറ്റക്കാര്‍ക്ക് പ്രിയങ്കരമാണ്. മൂന്നു തട്ടുകളിലായാണ് സൂചിപ്പാറ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിനോടു ചേര്‍ന്ന് സാഹസിക തുഴച്ചില്‍ ബോട്ട് യാത്രയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് കുളിക്കുവാനും നീന്തുവാനും ഉള്ള സൗകര്യം ഉണ്ട്. വെള്ളച്ചാട്ടത്തിലെ വെള്ളം വീണ് ഉണ്ടായ കുളത്തില്‍ ചെറിയ കുട്ടികള്‍ക്കു പോലും നീന്താം, അത്ര മേല്‍ അപകടരഹിതമാണ്. മനോഹാരിതയുടെ കാര്യം പറയുമ്‌ബോള്‍ സൂചിപ്പാറയിലേക്കുള്ള യാത്രയെയും ചുറ്റുമുള്ള പ്രദേശങ്ങളെയും ഒഴിവാക്കാന്‍ കഴിയില്ല. വയനാടിന്റെ തനതു പ്രകൃതി സൗന്ദര്യം സൂചിപ്പാറക്കു ചുറ്റും എപ്പോഴും ദൃശ്യമാണ്.
കല്‍പറ്റക്ക് 22 കിലോമീറ്റര്‍ തെക്കാണ് സൂചിപ്പാറ സ്ഥിതിചെയ്യുന്നത്. മീന്‍മുട്ടി, കാന്തന്‍പാറ, സൂചിപ്പാറ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്. മൂന്ന് വെള്ളച്ചാട്ടങ്ങളും ഒടുവില്‍ ചാലിയാര്‍ നദിയില്‍ എത്തിച്ചേരുന്നു.